അബുദാബി: പ്രവാസികൾക്ക് ഫ്രീലാൻസർ ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ

UAE

മികച്ച തൊഴിൽ നൈപുണ്യമുള്ള പ്രവാസികൾക്കും, പൗരന്മാർക്കും കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ഫ്രീലാൻസർ ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവിടെ വ്യക്തമാക്കുന്നു. പ്രവാസികൾ, റെസിഡൻസി സ്റ്റാറ്റസ് ഇല്ലാത്ത വിദേശികൾ, പൗരന്മാർ മുതലായവർക്ക് ഇത്തരം ലൈസൻസുകൾ ഉപയോഗിച്ച് ഫാഷൻ ഡിസൈനിംഗ്, ഫോട്ടോഗ്രാഫി സ്റ്റുഡിയോ, ഇവന്റ് ഫോട്ടോഗ്രാഫി, ഇവന്റ് മാനേജ്‌മന്റ് തുടങ്ങിയ നാല്പത്തെട്ടോളം വാണിജ്യ പ്രവർത്തങ്ങൾ എമിറേറ്റിൽ ഫ്രീലാൻസ് ലൈസൻസിന് കീഴിൽ നടത്താവുന്നതാണെന്ന് ADDED വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസികൾക്കാണ് ഇത്തരം ഫ്രീലാൻസർ ലൈസൻസിന് അപേക്ഷിക്കാൻ ADDED അനുമതി നൽകുന്നത്.

  • വിവിധ തൊഴിൽ മേഖലകളിൽ വിദഗ്‌ധരായവർക്കാണ് ഇത്തരം ലൈസൻസുകൾ അനുവദിക്കുന്നത്. ഇതിനായി തങ്ങളുടെ തൊഴിൽ നിപുണത തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഒരു പ്രത്യേക മേഖലയിലെ പാടവം തെളിയിക്കുന്ന യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ്, വൈദഗ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഒരു പ്രത്യേക മേഖലയിലെ വൈദഗ്ധ്യം തെളിയിക്കുന്ന അംഗീകൃത അംഗീകാരങ്ങൾ മുതലായ രേഖകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
  • നിലവിൽ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ, തങ്ങൾ തൊഴിലെടുക്കുന്ന സർക്കാർ വകുപ്പിൽ നിന്നുള്ള നിരാക്ഷേപസാക്ഷ്യപത്രം (NOC) ഹാജരാക്കേണ്ടതാണ്.
  • നിലവിൽ സ്വകാര്യ മേഖലയിൽ സ്ഥിരം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾ, തങ്ങൾ തൊഴിലെടുക്കുന്ന മേഖലയിൽ തന്നെയാണ് ഫ്രീലാൻസർ ആയി പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്നതെങ്കിൽ, തൊഴിലുടമയിൽ നിന്നുള്ള NOC അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
  • നിലവിൽ സ്വകാര്യ മേഖലയിൽ സ്ഥിരം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾ, തങ്ങൾ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധമില്ലാത്ത മറ്റൊരു മേഖലയിൽ ഫ്രീലാൻസർ ആയി പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിനാണ് അപേക്ഷിക്കുന്നതെങ്കിൽ, തൊഴിലുടമയിൽ നിന്നുള്ള NOC ആവശ്യമില്ല.
  • നിലവിൽ പാർട്ട് ടൈം കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഇത്തരം ഫ്രീലാൻസർ ലൈസൻസിന് അപേക്ഷിക്കാൻ തൊഴിലുടമയിൽ നിന്നുള്ള NOC ആവശ്യമില്ല.
  • നിലവിൽ തൊഴിലെടുക്കുന്ന തൊഴിലുടമയുമായുള്ള കരാർ വ്യവസ്ഥയിലെ ജോലി സമയം, അവധികൾ, മറ്റു ചുമതലകൾ എന്നിവ അപേക്ഷകന് ബാധകമാണ്.

ഇത്തരം ലൈസൻസുകൾ ലഭിക്കുന്നവർക്ക് പ്രത്യേക ഓഫീസുകൾ കൂടാതെ തങ്ങളുടെ വീടുകളിൽ നിന്നോ, മറ്റു അംഗീകൃത ഇടങ്ങളിൽ നിന്നോ ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതാണ്. നേരത്തെ ഇത്തരം ലൈസൻസുകൾ യു എ ഇ പൗരന്മാർക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. നിലവിൽ തൊഴിലില്ലാത്തവർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനും, തൊഴിലുള്ളവർക്ക്, തങ്ങളുടെ ജോലി സമയത്തിന് ശേഷം തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി അധിക വരുമാനം നേടുന്നതിനും ഫ്രീലാൻസർ ലൈസൻസുകൾ സഹായകമാണ്.