COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ അറിയിപ്പ് നൽകി. അബുദാബിയിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വ്യക്തികൾക്ക് തങ്ങൾ വാക്സിനെടുത്തതായി തെളിയിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനെടുത്തിട്ടുള്ള വ്യക്തികൾക്ക് താഴെ പറയുന്ന നടപടികൾ പാലിച്ച് കൊണ്ട് AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്:
- വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള നിർദ്ദേശം – രണ്ടോ അതിലധികമോ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഓരോ 30 ദിവസം തോറും ഒരു COVID-19 PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നതിലൂടെ AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.
- വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവർക്കുള്ള നിർദ്ദേശം – ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയിട്ടുള്ള വ്യക്തികൾക്ക് ഓരോ 7 ദിവസം തോറും ഒരു COVID-19 PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നതിലൂടെ AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.
- 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് PCR ടെസ്റ്റ് ആവശ്യമില്ല.
2021 ഓഗസ്റ്റ് 20 മുതലാണ് എമിറേറ്റിലെ ഏതാനം പൊതുഇടങ്ങളിലേക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം നൽകുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയത്. എമിറേറ്റിലെ പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.