COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത വിവിധ പ്രതിസന്ധികൾ മൂലം, കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ തീരുമാനിച്ചതും, അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ സർക്കാർ കൈക്കൊണ്ട കർശന നടപടികളും ഉൾപ്പടെയുള്ള വിവിധ ഘടകങ്ങൾ കുവൈറ്റിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങിപ്പോക്കിന് കാരണമായിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന് മുൻപായി കുവൈറ്റിൽ ഏതാണ്ട് 3.3 ദശലക്ഷം പ്രവാസികളാണ് ഉണ്ടായിരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ഈ സംഖ്യ 2.65 ദശലക്ഷത്തിലേക്ക് താഴ്ന്നതായാണ് സൂചന.
യാത്രാവിലക്കുകളെ തുടർന്ന് നിലവിൽ ഏതാണ്ട് 3.65 ലക്ഷം പ്രവാസികൾ കുവൈറ്റിന് പുറത്ത് കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിൽ ഏതാണ്ട് 1.47 ലക്ഷം റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ച ഏതാണ്ട് 1.32 ലക്ഷം പ്രവാസികൾ നിലവിൽ കുവൈറ്റിൽ തുടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.