ഒമാനിലെ മഹൗത് വിലായത്തിൽ അറുപത് ദശലക്ഷം വർഷം പഴക്കമുള്ള ഉൽക്കാഗർത്തം കണ്ടെത്തിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി അറിയിച്ചു. 2022 ഡിസംബർ 17-ന് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്മെന്റ് ഓഫ് എർത്ത് സയൻസസാണ് ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് ഒരു കിലോമീറ്റർ വ്യാസമുള്ള ഈ ഉൽക്കാഗർത്തം പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിപ്പമേറിയ ഉൽക്കാഗർത്തങ്ങളിലൊന്നാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
ഒരു ഉൽക്കാശില ഭൂമിയിലോ മറ്റ് ഗ്രഹങ്ങളിലോ പതിക്കുമ്പോൾ ഉണ്ടാകുന്ന ഗർത്തങ്ങളെയാണ് ഉൽക്കാഗർത്തങ്ങൾ (Impact Crater) എന്ന് പറയുന്നത്.
ഏതാണ്ട് അറുപത് മില്യൺ വർഷം മുൻപ് രൂപപ്പെട്ടതെന്ന് കരുതുന്ന ഈ ഉൽക്കാഗർത്തം, ഏകദേശം അമ്പത് മുതൽ അറുപത് വരെ മീറ്റർ വലിപ്പമുള്ള ഒരു ഉൽക്കാശില പതിച്ചത് മൂലം ഉണ്ടായതാകണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ കൂട്ടിച്ചേർത്തു. മേഖലയിലെ ശിലാപാളികളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ഇത്തരം ഉൽക്കാപതനപ്രദേശങ്ങളിൽ കണ്ട് വരാറുള്ള പ്രത്യേക ഘടനയോട് കൂടിയ ക്വാർട്സ് ക്രിസ്റ്റലുകളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Oman News Agency.