സൗദി: ഫെബ്രുവരി 1 മുതൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് നിർബന്ധം

GCC News

2022 ഫെബ്രുവരി 1, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള ‘Immune’ സ്റ്റാറ്റസ് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവർത്തിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ നിബന്ധന രാജ്യത്തെ കര, കടൽ, റെയിൽ എന്നിവ ഉപയോഗപ്പെടുത്തുന്ന എല്ലാ പൊതുഗതാഗത സംവിധാനങ്ങൾക്കും ബാധകമാണ്. COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള കുത്തിവെപ്പ് സ്വീകരിച്ചവർക്കാണ് തവക്കൽന ആപ്പിൽ ‘Immune’ സ്റ്റാറ്റസ് ലഭിക്കുന്നത്.

ആരോഗ്യ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തികളെ – ഇവർക്ക് തവക്കൽന ആപ്പിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാറ്റസ് ഉണ്ടായിരിക്കണം – മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ 2022 ഫെബ്രുവരി 1 മുതൽ സൗദിയിൽ ട്രെയിൻ, ടാക്സി, ബസ്, ഫെറി മുതലായ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവർക്കെല്ലാം ബൂസ്റ്റർ ഡോസ് ഉൾപ്പടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ നിലവിൽ വരുന്നതാണ്.

2022 ഫെബ്രുവരി 1 മുതൽ തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന രോഗപ്രതിരോധശേഷി സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം 2022 ജനുവരി 18-ന് വ്യക്തമാക്കിയിരുന്നു. തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ, സൗദിയിൽ വാണിജ്യ, വ്യാവസായിക, സാംസ്‌കാരിക, കായിക, വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കുന്നതിനും, സാമൂഹിക, സാംസ്‌കാരിക ചടങ്ങുകൾ, വിനോദ പരിപാടികൾ, ശാസ്ത്രീയ പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനും, പൊതു, സർക്കാർ, സ്വകാര്യ മേഖലകളിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ഈ നിയന്ത്രണം ബാധകമാകുന്നതാണ്.