കേരളത്തിലെ ജനകീയാസൂത്രണത്തിന് വയസ്സ് 25 തികഞ്ഞു. രജത ജൂബിലി ആഘോഷങ്ങൾ ഇന്നലെ (17.8.2021) ബഹു: കേരളാ മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയൻ അവർകൾ നിർവ്വഹിക്കുകയുണ്ടായി.
‘ഒമ്പതാം പദ്ധതി, ജനകീയ പദ്ധതി’ എന്ന ആപ്തവാക്യത്തോടെയാണ് ജനകീയാസൂത്രണം ജനങ്ങളിലേക്ക് എത്തിയത്. 1992-ൽ ഭരണഘടനയുടെ 73, 74 ഭേദഗതിയോടെ പഞ്ചായത്ത്, നഗര സഭകൾക്ക് ഏറെ അധികാരം കൈവരിക്കുക എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ കൊണ്ടുവന്നപ്പോൾ അധികാര വികേന്ദ്രീകരണത്തെ, ശാസ്ത്രീയമായ രീതിയിൽ കേരളം ഏറ്റെടുക്കുകയായിരുന്നു. മേലെ തട്ടിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന വികസന മാതൃകകൾക്ക് പകരം, അടിസ്ഥാന ഘടകമായ വാർഡുകളിൽ നിന്ന് തങ്ങളുടെ നാടിന് ആവശ്യമായ വികസനങ്ങൾ ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ കണ്ടെത്തി നടപ്പാക്കുക എന്ന നയം കേരളത്തിന് പുത്തൻ അനുഭവും ലോകത്തിന് കേരളാ മോഡൽ സംഭാവനകളുമായി മാറി.
സാക്ഷരതാ പ്രസ്ഥാനത്തെപ്പോലെ ഭരണ പ്രതിപക്ഷ ഐക്യത്തിന് സാക്ഷ്യം വഹിക്കൽ കൂടിയായിരുന്നു ജനകീയാസൂത്രണ പദ്ധതിയും. ഈ പദ്ധതി ജനങ്ങളിൽ എത്തിക്കുന്നതിനായി സംസ്ഥാന – ജില്ലാ – ലോക്കൽ അടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺസുകളെ സെലക്ട് ചെയ്ത് പരിശീലനം നൽകിയിരുന്നു. ഈ പദ്ധതിയുടെ ജില്ലാതല റിസോഴ്സ് പേഴ്സണൽ ആയി സെലക്ഷൻ കിട്ടി. കേന്ദ്ര- കേരളാ സർക്കാറുകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെക്കുറിച്ച് അടുത്തറിയാനും അത് ജനങ്ങളിലേക്ക് എങ്ങിനെ എത്തിക്കാമെന്നതിനെക്കുറിച്ചും അന്ന് ലഭിച്ച വിവിധ പരിശീലനങ്ങളിലൂടെ സാധിച്ചു. ഇതേ പരിശീലനത്തിൽ നിന്നാണ് ജനകീയ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് എങ്ങിനെ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും നേടിയെടുക്കാമെന്നതും ഞാനടക്കമുള്ള പലരും പഠിച്ചതും.
അന്ന് ലഭിച്ച പരിശീലനങ്ങളാണ് സാധാരണ പ്രവാസികളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ ഇന്നും ഏറെ സഹായകരമാവുന്നത്. കേരളത്തിൽ തിരിച്ചെത്തിയ നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾ, പുതിയ സ്ഥലങ്ങളിലേക്കോ, പുതിയ തൊഴിലിനോ പോവുന്നവർ, പുതിയ നൈപുണി ആവശ്യമുള്ളവർ, പ്രവാസികളുടെ സാമ്പത്തിക സുരക്ഷ, സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികൾ, കേന്ദ്ര – സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന പദ്ധതികൾ ഏകോപിച്ച് പ്രവാസി പുനരധിവാസം സാധ്യമാക്കൽ, സൂഷ്മ, ചെറുകിട, മദ്ധ്യമ സ്ഥാപന നിയമത്തിൻ്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ തുടങ്ങി, ടൂറിസം, വ്യവസായ സ്ഥാപനങ്ങൾ, പി.പി.പി. മോഡൽ പദ്ധതികൾ, ആരോഗ്യരംഗത്തെ പദ്ധതികൾ, കയറ്റുമതി മേഖല തുടങ്ങി സാധാരണ പ്രവാസികൾക്കും മുതൽ മുടക്കാൻ തയ്യാറുള്ള പ്രവാസികൾക്കും അനുയോജ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ജനകീയാസൂത്രണ മോഡൽ പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യും. പഴയ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ആധുനിക സാങ്കേതങ്ങൾ ഉപയോഗിച്ച് പണ രഹിതമായി തന്നെ പരിശീലനം നൽകുന്നതിനും സാധ്യമാണല്ലോ.
2021 ജനുവരി 15 ന് അവതരിപ്പിച്ച ബജറ്റിൽ, പ്രവാസികൾ എന്ന തലക്കെട്ടിൽ ‘ ജൂലൈ മാസത്തിൽ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുന്നതാണ്. വിദേശത്ത് നിന്ന് മടങ്ങിവന്നവരെയും മടങ്ങി വരാൻ ഉദ്ദേശിക്കുന്നവരുടെ ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ ക്രോഡീകരിക്കുകയും അവ ജില്ലാ അടിസ്ഥാനത്തിൽ കർമ്മ പരിപാടിയായി മാറ്റുകയും ചെയ്യും.’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രഖ്യാപന പ്രകാരമുള്ള സംഗമങ്ങൾ കോവിഡ് രണ്ടാം തരംഗം മൂലം നടന്നിട്ടില്ല. എങ്കിലും ഈ ബജറ്റ് നിർദ്ദേശം ജനകീയ പങ്കാളിത്തത്തോടെ പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രതിബന്ധതയായി വിലയിരുത്തുന്നു. ഈ ദിശയിലുള്ള ചർച്ചയും അനുബന്ധ നടപടികളും ഉണ്ടാവട്ടെയെന്ന് ആശിക്കുന്നു.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.