സൗദി: വിദേശത്ത് നിന്നെത്തുന്നവർക്ക് COVID-19 പരിശോധനാ ഫലം നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ട് വയസിന് താഴെ പ്രായമുള്ളവർക്ക് മാത്രമാണ് ഈ പരിശോധനയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

2022 ഫെബ്രുവരി 3-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം താഴെ പറയുന്ന യാത്രാ മാനദണ്ഡങ്ങളും സൗദി ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്:

  • 2022 ഫെബ്രുവരി 9 മുതൽ വിദേശയാത്ര നടത്തുന്നതിന് സൗദി പൗരന്മാർക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ എടുക്കേണ്ടത്. ഈ നിബന്ധന സൗദി പൗരന്മാർക്ക് മാത്രമാണ് ബാധകമാക്കിയിരിക്കുന്നത്.
  • വിദേശത്ത് നിന്ന് COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്ക് ഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട് PCR ടെസ്റ്റ് കൂടാതെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 7 ദിവസം പൂർത്തിയാക്കിയ ശേഷം സൗദിയിലേക്ക് PCR പരിശോധന കൂടാതെ പ്രവേശിക്കാവുന്നതാണ്. സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പൗരന്മാർക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നത്.