ബഹ്‌റൈൻ: ജൂലൈ 21 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് സ്വന്തം ചെലവിൽ COVID-19 ടെസ്റ്റ് നിർബന്ധം

GCC News

ജൂലൈ 21, ചൊവ്വാഴ്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരും, COVID-19 പരിശോധനകൾക്കുള്ള ചെലവുകൾ സ്വയം വഹിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പരിശോധനകൾക്കായി 30 ബഹ്‌റൈൻ ദിനാർ ഈടാക്കുന്നതാണ്.

ആഗോളതലത്തിലെ യാത്രാ നിയന്ത്രണങ്ങളിൽ വന്നിട്ടുള്ള ഇളവുകൾ കണക്കിലെടുത്താണ് COVID-19 പരിശോധനകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇപ്രകാരം മാറ്റം വരുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈൻ എയർപോർട്ട്, വിമാനകമ്പനികൾ എന്നിവരുമായി സഹകരിച്ച് കൊണ്ടായിരിക്കും, വ്യോമയാന അതോറിറ്റി ഈ തീരുമാനം നടപ്പിലാക്കുക.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും COVID-19 ടെസ്റ്റിംഗിനായുള്ള തുക പണമായോ, ഡിജിറ്റൽ രീതിയിലോ കൈമാറാവുന്നതാണ്. യാത്രികർക്ക് ‘ബി അവെയർ ബഹ്‌റൈൻ’ ആപ്പിലൂടെ മുൻകൂറായും ഇതിനുള്ള തുക അടയ്ക്കാം. COVID-19 ടെസ്റ്റിംഗിൽ രോഗബാധയില്ലാ എന്ന് കണ്ടെത്തുന്നവർ 10 ദിവസത്തെ ഐസൊലേഷനിൽ തുടരേണ്ടതും, ഐസൊലേഷൻ കാലാവധിക്ക് ശേഷം വീണ്ടും ഒരു തവണ കൂടി ടെസ്റ്റിംഗിന് വിധേയരാകേണ്ടതുമാണ്. ഈ ടെസ്റ്റിംഗിനും 30 ബഹ്‌റൈൻ ദിനാർ ഈടാക്കുന്നതാണ്.

വിദേശത്തുനിന്നുള്ള ആരോഗ്യ ചികിത്സകൾക്ക് ശേഷം ബഹ്‌റൈനിൽ മടങ്ങിയെത്തുന്നവർ, ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള യാത്രികർ, വിമാനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് ഈ തീരുമാനം ബാധകമല്ല. ബഹ്‌റൈൻ എയർപോർട്ടിലൂടെ യാത്രചെയ്യുന്ന ട്രാൻസിറ്റ് യാത്രികർക്കും ഈ തീരുമാനം ബാധകമല്ല.

ബഹ്‌റൈനിലെ പൗരന്മാർക്കും, പ്രവാസികൾക്കും COVID-19 ചികിത്സാ ചെലവുകൾ തീർത്തും സൗജന്യമായിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ കൊറോണാ ബാധിതർക്കായി WHO നിഷ്കർഷിച്ചിട്ടുള്ളതും, ലോകനിലവാരത്തിലുള്ളതുമായ ചികിത്സകളാണ് നൽകിവരുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Cover Photo: Source