ജി20 ഉച്ചകോടി: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു; പിന്തുണയുമായി യു എ ഇ

featured GCC News

ഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർ ചേർന്ന് ന്യൂ ഡൽഹിയിൽ വെച്ചാണ് IMEC സംബന്ധമായ പ്രഖ്യാപനം നടത്തിയത്.

ജി20 ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പിലാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുമെന്ന് യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്.

Source: WAM.

ഇതിനായി ഇന്ത്യ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ, യു എസ് എ എന്നിവരുമായി സഹകരിച്ച് കൊണ്ട് പ്രവർത്തിക്കുമെന്നാണ്‌ യു എ ഇ അറിയിച്ചിരിക്കുന്നത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“നമ്മുടെ ഒരു സുഹൃദ് രാഷ്ട്രത്തിൽ ഒത്ത് ചേർന്ന് കൊണ്ട് ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പ് വെക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. “, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ അവസരത്തിൽ വ്യക്തമാക്കി.

Source: WAM.

“ഞങ്ങളുടെയെല്ലാം കഴിഞ്ഞ ഏതാനം മാസങ്ങളിലെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഈ പദ്ധതി. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെയെല്ലാം പൊതുവായ താത്പര്യങ്ങൾ മുൻനിർത്തിയുള്ള നയങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. ഇത് സാമ്പത്തിക ഏകീകരണം, ആഗോളതലത്തിലുള്ള സാമ്പത്തിക മേഖലയുടെ ശക്തിപ്പെടുത്തൽ എന്നിവയെ സാധ്യമാക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിൽ ഏകീകരണം, പരസ്പര ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഇന്ത്യയെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോറിഡോർ, അറേബ്യൻ ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നോർത്തേൺ കോറിഡോർ എന്നിങ്ങനെ രണ്ട് വാണിജ്യപാതകളിലൂടെയാണ് ഈ സാമ്പത്തിക ഇടനാഴി നടപ്പിലാക്കുന്നത്.

രാജ്യതിർത്തികൾ കടന്ന് കൊണ്ടുള്ള ഈ കപ്പൽ – റെയിൽ ബന്ധിത ഇടനാഴി ഇന്ത്യ, യു എ ഇ, സൗദി അറേബ്യ, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള ചരക്ക് ഗതാഗതം, വാണിജ്യം എന്നിവ കൂടുതൽ സുഗമവും, ചെലവ് കുറഞ്ഞതുമാക്കുന്നതിന് ലക്ഷ്യമിടുന്നു.

WAM