എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ ‘സ്റ്റീൽ വീക്ക്’ ഉദ്ഘാടനം ചെയ്തു

UAE

എക്സ്പോ 2020 ദുബായ് വേദിയിൽ സംഘടിപ്പിക്കുന്ന സ്റ്റീൽ വീക്കിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ ഒരു പ്രതിനിധി സംഘം യു എ ഇയിലെ നിർമ്മാണ കമ്പനികൾ, സ്റ്റീൽ ഉപയോക്താക്കൾ, സ്റ്റീൽ ഇറക്കുമതിക്കാർ എന്നിവരുമായി ഏഴ് ദിവസത്തെ പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കും. ഇരു രാജ്യങ്ങൾക്കുമിടയിലെ സ്റ്റീൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള സഹകരണത്തിന്റെ സാധ്യതകൾ മനസ്സിലാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സംവേദനാത്മക സെഷനുകൾ സംഘടിപ്പിക്കുന്നത്.

യു എ ഇ-ഇന്ത്യയും തമ്മിൽ അടുത്തിടെ ഏർപ്പെട്ടിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) മുന്നോട്ട് വെക്കുന്ന അവസരങ്ങളും, നേട്ടങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഈ സംവേദനാത്മക സെഷനുകൾ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യൻ സ്റ്റീൽ മന്ത്രാലയം പ്രഖ്യാപിച്ചു.

ഇന്ത്യാ പവലിയനിൽ നടക്കുന്ന സ്റ്റീൽ വീക്കിന്റെ ഭാഗമായി സ്റ്റീൽ മേഖലയിലെ ഇന്ത്യയുടെ സാധ്യതകൾ എടുത്ത് കാട്ടുകയും, സംയുക്ത സംരംഭങ്ങൾക്കും ബിസിനസ് വികസനത്തിനുമായി യു എ ഇയിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എഎം/എൻഎസ് ഇന്ത്യ എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ സ്റ്റീൽ ഉൽപ്പാദക കമ്പനികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യ പവലിയനിൽ നടക്കുന്ന സ്റ്റീൽ വാരാചരണം ഇന്ത്യയുടെ സ്റ്റീൽ വകുപ്പ് മന്ത്രി ശ്രീ. രാം ചന്ദ്ര പ്രസാദ് സിംഗ് ഉദ്ഘാടനം ചെയ്തു. മൂല്യവർധിത സ്റ്റീലിന് പ്രത്യേക ഊന്നൽ നൽകി 2030-ഓടെ ഇന്ത്യൻ സ്റ്റീൽ മേഖല പ്രതിവർഷം 300 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഈ അവസരത്തിൽ പറഞ്ഞു.

“ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി 100 വർഷം പൂർത്തിയാക്കുന്ന 2047 ലെ സ്റ്റീൽ വിഷൻ ദിശയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും ഇത്,” മന്ത്രി കൂട്ടിച്ചേർത്തു.

WAM