പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസികളെ ആദരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
“സുരക്ഷിതരായി പോകൂ, പരിശീലനം നേടിയവരായി പോകൂ” (“സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ”) എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഈ സ്മാരക സ്റ്റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ആദര സൂചകമായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്. സുരക്ഷിതമായും, നിയമപരമായും, ക്രമപ്രകാരമുള്ള രീതിയിലും, കാര്യക്ഷമതയോടെയും പ്രവാസത്തിനായി വിദേശത്തേക്ക് പോകുന്നതിന്റെ പ്രാധാന്യം, സമീപ വർഷങ്ങളിലെ ഇന്ത്യയുടെ വിദേശ കുടിയേറ്റ പ്രക്രിയയുടെ പ്രമേയമായ ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ എന്ന ഹിന്ദി സന്ദേശത്തിലൂടെ എടുത്ത് കാട്ടുന്നു.
“കഴിഞ്ഞ എട്ട് വർഷമായി, ഇന്ത്യ അതിന്റെ പ്രവാസികളെ ശക്തിപ്പെടുത്താൻ ശ്രമിച്ചു,” മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. “നിങ്ങൾ എവിടെയായിരുന്നാലും രാജ്യം നിങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രതീക്ഷകൾക്കും വേണ്ടിയാണ് എന്നതാണ് ഇന്ത്യയുടെ പ്രതിബദ്ധത.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, കൊളോണിയൽ ഭരണത്തിൽ നിന്ന് തന്റെ ജനതയ്ക്ക് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നതിനായി, 1915 ജനുവരി 9-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബോംബെയിലേക്ക് മടങ്ങിയതിന്റെ സ്മരണാർത്ഥമായാണ് ഈ കൺവെൻഷൻ. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തിലുള്ള ആദ്യ ഡിജിറ്റൽ പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
“ഇന്ത്യൻ പ്രവാസികൾ അവർ കുടിയേറിയ രാജ്യങ്ങളിൽ രാഷ്ട്രനിർമ്മാണത്തിന് അസാധാരണമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ ജീവിതവും നേട്ടങ്ങളും രേഖപ്പെടുത്തണം. എല്ലാ രാജ്യങ്ങളിലെയും നമ്മുടെ പ്രവാസികളുടെ ചരിത്രത്തെക്കുറിച്ച് ഓഡിയോ-വീഡിയോ അല്ലെങ്കിൽ എഴുത്തുകളിലൂടെ രേഖപ്പെടുത്തുന്നതിനായി സർവകലാശാലകൾ വഴി ശ്രമിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു” തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മോദി നിർദ്ദേശിച്ചു.
With inputs from WAM. Images: India Post.