ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഒക്ടോബർ 31 വരെ നീട്ടി

GCC News

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി ഒക്ടോബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുമെന്നാണ് ആഗസ്ത് 14-ന് അധികൃതർ അറിയിച്ചിരുന്നത്. ഈ കാലാവധിയാണ് ഇപ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഒക്ടോബർ 31 വരെ നീട്ടിയതായി എംബസി വ്യക്തമാക്കിയത്.

“വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ‘എയർ ബബിൾ’ പദ്ധതി തുടരാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ-ഖത്തർ പ്രത്യേക വിമാനങ്ങൾക്കുള്ള അനുമതി 2020 ഒക്ടോബർ 31 വരെയോ, ഇരു രാജ്യങ്ങളും തമ്മിൽ സാധാരണ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് വരെയോ, ഇതിൽ ഏതാണ് ആദ്യം വരുന്നത്, അത് വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, ദോഹയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം ‘എയർ ബബിൾ’ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങളും, വന്ദേ ഭാരത് വിമാനങ്ങളും മാത്രമാണ് ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്നത്.

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ, ഖത്തർ എയർവേസ് എന്നീ കമ്പനികൾ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് സർവീസ് നടത്തുന്നുണ്ട്.