ഡിജിറ്റൽ ഇക്കണോമി രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും, സൗദി അറേബ്യയും ഒപ്പ് വെച്ചു. 2023 ഓഗസ്റ്റ് 18-ന് രാത്രി സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അബ്ദുല്ല അൽ സ്വഹയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.
ഡിജിറ്റൈസേഷൻ, ഇലക്ട്രോണിക് നിർമ്മാണം എന്നീ മേഖലകളിൽ പരസ്പരസഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ സൗദി മന്ത്രിയും, ഇന്ത്യൻ റയിൽവേസ്, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷണൗവുമാണ് ഒപ്പ് വെച്ചിരിക്കുന്നത്.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, ഇ-ഹെൽത്ത്, ഇ-ലേർണിംഗ് മുതലായ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഡിജിറ്റൽ ഗവേഷണം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, നിർമ്മാണം എന്നീ മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
Cover Image: Saudi Press Agency.