ദുബായ്: ലോക സർക്കാർ ഉച്ചകോടി 2024-ലെ അതിഥിയായി ഇന്ത്യ പങ്കെടുക്കും

GCC News

ദുബായിൽ ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ലോക സർക്കാർ ഉച്ചകോടി 2024-ലെ അതിഥിയായി ഇന്ത്യ പങ്കെടുക്കും. 2024 ഫെബ്രുവരി 12 മുതൽ 14 വരെയാണ് വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് (WGS) 2024 സംഘടിപ്പിക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്ക് പുറമെ തുർക്കി, ഖത്തർ എന്നിവരും വിശിഷ്ടാതിഥികളായി ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ ഉച്ചകോടിയിൽ 25-ലധികം സർക്കാർ, സംസ്ഥാന തലവന്മാർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, തുർക്കി രാഷ്ട്രപതി റജബ് ത്വയ്യിബ് എർദോഗൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരുടെ നേതൃത്വത്തിലായിരിക്കും മൂന്ന് അതിഥി രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുക.

അതിഥി രാജ്യങ്ങൾ അവരുടെ ഭരണനിയന്ത്രണം സംബന്ധിച്ച അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നതാണ്. വിവിധ രാജ്യങ്ങളിലെ നേതാക്കളും, വിദഗ്ധരും, 85-ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും, 120 ഗവൺമെൻ്റ് പ്രതിനിധികളുമടക്കം 4,000-ത്തിൽ പരം പേർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങൾ ഈ വർഷത്തെ അതിഥികളായി ഉച്ചകോടിയിൽ പങ്കെടുക്കുന്നത് യു എ ഇയുമായുള്ള ഈ രാജ്യങ്ങളുടെ ബന്ധത്തെയും, തന്ത്രപരമായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് കാബിനറ്റ് കാര്യ മന്ത്രിയും WGS ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. 25 രാഷ്ട്രത്തലവന്മാരുടെ പങ്കാളിത്തം, സമൂഹങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിനും അനുഭവ വിനിമയത്തിനുമുള്ള ഒരു വേദി എന്ന നിലയിലും ലോക നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വാർഷിക ഫോറം എന്ന നിലയിലും ഉച്ചകോടിയുടെ നിർണായക പങ്ക് വീണ്ടും ഉറപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകളുടെ വികസന അനുഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും മനുഷ്യരാശിയുടെ മെച്ചപ്പെട്ട ഭാവിക്കായി മികച്ച സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്വാധീനമുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ ഉച്ചകോടിയുടെ ദൗത്യത്തിൻ്റെ ഭാഗമായാണ് മൂന്ന് രാജ്യങ്ങളെയും അതിഥികളായി സ്വാഗതം ചെയ്യുന്നതെന്ന് അൽ ഗെർഗാവി അഭിപ്രായപ്പെട്ടു.