ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടി നിലവിലെ ഇന്ത്യ – ഒമാൻ ഉഭയകക്ഷിബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് അഭിപ്രായപ്പെട്ടു. 2023 സെപ്റ്റംബർ 11-ന് ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുസ്ഥിരതയിലൂന്നിയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളും ഒത്ത് ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടി ഗംഭീര വിജയമായതായി അദ്ദേഹം വ്യക്തമാക്കി.
“ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാനിൽ നിന്നുള്ള ഒമ്പത് മന്ത്രിമാരാണ് ഇന്ത്യയിലെത്തിയത്. ഇത് ജി20 ഉച്ചകോടിയുടെയും, ഈ ബന്ധത്തിന്റെയും പ്രാധാന്യത്തിന് അടിവരയിടുന്നു.”, ഇന്ത്യൻ അംബാസഡർ പത്രസമ്മേളനത്തിൽ പറഞ്ഞു.

“വിവിധ മേഖലകളിൽ വളരെ അടുത്ത ബന്ധം പുലർത്തുന്ന പങ്കാളികളാണ് ഇന്ത്യയും, ഒമാനും. പുനരുപയോഗ ഊർജം, വിവരസാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ സുസ്ഥിരതയിലൂന്നിയുള്ള വികസനം സാധ്യമാക്കുന്നതിനായി ഇരുരാജ്യങ്ങളും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതാണ്. “, അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ഏഷ്യ, ഗൾഫ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്ന സമാനതകളില്ലാത്ത ഒരു പദ്ധതിയാണെന്ന് ഇന്ത്യൻ അംബാസഡർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർ ചേർന്ന് ന്യൂ ഡൽഹിയിൽ വെച്ചാണ് IMEC സംബന്ധമായ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോറിഡോർ, അറേബ്യൻ ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നോർത്തേൺ കോറിഡോർ എന്നിങ്ങനെ രണ്ട് വാണിജ്യപാതകളിലൂടെയാണ് ഈ സാമ്പത്തിക ഇടനാഴി നടപ്പിലാക്കുന്നത്. രാജ്യതിർത്തികൾ കടന്ന് കൊണ്ടുള്ള ഈ കപ്പൽ – റെയിൽ ബന്ധിത ഇടനാഴി ഇന്ത്യ, യു എ ഇ, സൗദി അറേബ്യ, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള ചരക്ക് ഗതാഗതം, വാണിജ്യം എന്നിവ കൂടുതൽ സുഗമവും, ചെലവ് കുറഞ്ഞതുമാക്കുന്നതിന് ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ ക്ഷണപ്രകാരം പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രത്യേക വിശിഷ്ടാതിഥിയായി ഒമാൻ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി H.H. സയ്യിദ് അസ്സാദ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ത്യയിലെത്തിയിരുന്നു.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ഹമദ് അൽ ബുസൈദി, സാമ്പത്തിക വകുപ്പ് മന്ത്രി ഡോ. സൈദ് മുഹമ്മദ് അൽ സഖ്‌രി, വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൗസേഫ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ H.E. ഇസ്സ സലേഹ് അൽ ശൈബാനി, വിദേശ വാണിജ്യ, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിമ്ജി തുടങ്ങിയവർ ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയെ അനുഗമിച്ച് കൊണ്ട് ജി20 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
Cover Image: Indian Embassy Oman.