ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

featured GCC News

2024-ലെ ആദ്യ മൂന്ന് പാദങ്ങളിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി. ദുബായ് ചേംബേഴ്‌സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024-ലെ ആദ്യ മൂന്ന് പാദങ്ങളിൽ 12142 ഇന്ത്യൻ കമ്പനികൾ പുതിയതായി ചേർന്നിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുന്നതിനും അന്താരാഷ്ട്ര ബിസിനസുകൾക്കിടയിൽ ദുബായിയുടെ വർദ്ധിച്ചുവരുന്ന ആകർഷണത്തിനും ഇത് അടിവരയിടുന്നു

2024-ലെ ആദ്യ മൂന്ന് പാദങ്ങളിൽ 6061 പുതിയ കമ്പനികളുമായി ഈ പട്ടികയിൽ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഈജിപ്ത് (3611 പുതിയ കമ്പനികൾ), സിറിയ (2062), യുണൈറ്റഡ് കിംഗ്ഡം (1886), ബംഗ്ലാദേശ് (1669), ഇറാഖ് (1346), ചൈന (1109), ജോർദാൻ (1069), സുഡാൻ (1007) തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

2024ലെ ആദ്യ മൂന്ന് പാദങ്ങളിൽ ചേംബറിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 41.5 ശതമാനം സ്ഥാപനങ്ങളും വ്യാപാര സേവന മേഖലയിലാണ് പ്രവർത്തിക്കുന്നത്. റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലകൾ (33.6 ശതമാനം), നിർമാണ മേഖല (10.4 ശതമാനം), ഗതാഗതം, സംഭരണം, വാർത്താവിനിമയ മേഖലകൾ (8.6 ശതമാനം), സാമൂഹിക, വ്യക്തിഗത സേവന (6.8 ശതമാനം) എന്നിവയാണ് ഈ പട്ടികയിലെ മറ്റു സേവനമേഖലകൾ.