യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 23 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

GCC News

പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 വരെ (യു എ ഇ സമയം) താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

പാസ്സ്‌പോർട്ട് സേവാ പോർട്ടലിൽ നടക്കുന്ന സാങ്കേതിക അറ്റകുറ്റപ്പണികൾ മൂലമാണ് ഇത്. ഈ അറിയിപ്പ് പ്രകാരം 2024 സെപ്റ്റംബർ 20, വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 (യു എ ഇ സമയം) വരെ പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതാണ്.

ഇതോടെ ഈ കാലയളവിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും, BLS ഇന്റർനാഷണൽ സേവനകേന്ദ്രങ്ങളിൽ (എല്ലാ സേവനകേന്ദ്രങ്ങൾക്കും ബാധകം) നിന്നും പാസ്സ്‌പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, തത്കാൽ സേവനങ്ങൾ ലഭ്യമാകുന്നതല്ല.

നിലവിൽ BLS ഇന്റർനാഷണൽ സേവനകേന്ദ്രങ്ങളിൽ നിന്നും സെപ്റ്റംബർ 21-ലേക്ക് അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 23-നും സെപ്റ്റംബർ 27-നും ഇടയിലുള്ള ദിവസങ്ങളിൽ പുതുക്കിയ അപ്പോയ്ന്റ്മെന്റ് അനുവദിക്കുന്നതാണ്. പുതിയതായി അപ്പോയ്ന്റ്മെന്റ് അനുവദിച്ച് കിട്ടുന്ന തീയതിയിൽ എത്തുന്നതിന് അസൗകര്യമുള്ളവർക്ക് ഈ തീയതിക്ക് ശേഷം BLS സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്-ഇൻ അടിസ്ഥാനത്തിൽ പാസ്സ്‌പോർട്ട് അപേക്ഷ നൽകാവുന്നതാണ്. ഇതിന് മറ്റൊരു അപ്പോയ്ന്റ്മെന്റിന്റെ ആവശ്യമില്ല.

സെപ്റ്റംബർ 21-ലെ BLS സേവനകേന്ദ്രങ്ങളിൽ നിന്നുള്ള മറ്റ് കോൺസുലാർ, വിസ സേവനങ്ങൾ തടസപ്പെടുന്നതല്ല.