വ്യാജ ഇ-വിസ വെബ്സൈറ്റുകളെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ പ്രത്യേക അറിയിപ്പിലൂടെയാണ് അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഔദ്യോഗിക ഇന്ത്യൻ ഇ-വിസ പോർട്ടലിന് സമാനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റുകളുടെ എണ്ണം കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ചൂണ്ടിക്കാട്ടി. ഇവ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അതിലൂടെ വിവിധ തട്ടിപ്പുകൾ നടത്തുന്നതിന് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ളവയാണെന്ന് എംബസി കൂട്ടിച്ചേർത്തു.
ഇത്തരം വ്യാജ വെബ്സൈറ്റുകൾ തങ്ങളുടെ ഇരകളിൽ നിന്ന് നിന്ന് സ്വകാര്യ വിവരങ്ങൾ ചോർത്തുകയും, പണം തട്ടിയെടുക്കുകയും ചെയ്യുന്നതായി എംബസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താഴെ പറയുന്ന ലിങ്കുകൾ ഇത്തരം തട്ടിപ്പുകൾ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള വ്യാജ വെബ്സൈറ്റുകളുടെയാണെന്ന് എംബസ്സി അറിയിച്ചിട്ടുണ്ട്:
- https://www.indianimmigration.org
- https://www.idiasevisa.org
- https://www.evisaentry.com
- https://www.india-immi.org
- https://www.ivisa.com
- https://www.india-evisa.it.com
മേൽപ്പറഞ്ഞ വ്യാജ വെബ്സൈറ്റുകളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്ന് എംബസി അറിയിച്ചു.
ഇന്ത്യൻ സർക്കാരിന്റെ മേൽനോട്ടത്തിൽ ഇ-വിസ അപേക്ഷകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏക ഔദ്യോഗിക വെബ്സൈറ്റിന്റെ ലിങ്ക് https://www.indianvisaonline.gov.in/ എന്നാണെന്ന് എംബസി ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

