പൊതുമാപ്പ്: യാത്രാരേഖകളില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി

GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി, സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് (EC) നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. ഇത്തരത്തിൽ ഒമാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ യാത്രാരേഖകൾ കൈവശമില്ലാത്ത ഇന്ത്യക്കാരോട് എമർജൻസി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ നൽകാൻ എംബസി ആഹ്വനം ചെയ്‌തിട്ടുണ്ട്‌.

https://twitter.com/Indemb_Muscat/status/1332697302570504192

യാത്രാ രേഖകളുടെ കാലാവധി അവസാനിച്ചവരും, യാത്രാ രേഖകൾ നഷ്ടപ്പെട്ടവരുമായ ഒമാനിലെ ഇത്തരം പ്രവാസി ഇന്ത്യക്കാർ ഉടനെ എംബസിയുമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരം പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി അപേക്ഷിക്കാവുന്നതാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം പ്രവാസികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷയുടെ ഫീസ്, ICWF ചാർജുകൾ, BLS സേവന ഫീസുകൾ എന്നിവ ഒഴിവാക്കി നൽകുമെന്ന് എംബസിയുടെ അറിയിപ്പിൽ പറയുന്നു. അപേക്ഷകൾ പൂരിപ്പിക്കുന്നതും, ഫോട്ടോകൾ തയ്യാറാക്കുന്നതും, SMS സേവനങ്ങളും ആവശ്യമാകുന്നവർക്ക് BLS കേന്ദ്രത്തിൽ നിന്ന് 2 റിയാലിന് അവ ലഭ്യമാക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്:

  • മിനിസ്ട്രി ഓഫ് ലേബർ (MoL), ഇന്ത്യൻ എംബസ്സി എന്നിവരുടെ മാനദണ്ഡങ്ങൾ പ്രകാരം മിനിസ്ട്രി ഓഫ് ലേബർ പോർട്ടലിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
  • ഇതിനു ശേഷം MoL-ലിൽ നിന്ന് ‘WAITING FORCOMPLETION OF DEPORTATION’ അനുമതി ലഭിക്കുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനായി BLS സേവന കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി മസ്കറ്റിലെ പ്രധാന BLS ഓഫീസിലോ സലാല, നിസ്‌വ, ദുഖം, സുർ, സൊഹാർ, ഇബ്‌രി, ബുറൈമി, ഷിനാസ്, ഖസബ് എന്നിവിടങ്ങളിലെ കളക്ഷൻ സെന്ററുകളെയോ സമീപിക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളിൽ സാധാരണ പ്രവർത്തി സമയങ്ങളിൽ പഴയ പാസ്പോർട്ട് കോപ്പി, പുതിയ 2 പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകളുമായി നേരിട്ടെത്തി അപേക്ഷകൾ നൽകാവുന്നതാണ്.
  • ഇത്തരം കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ഇത്തരം അപേക്ഷകൾ സന്നദ്ധ സംഘടനകൾ വഴി ഒരുമിച്ച് നൽകുന്നതിനും അനുമതി നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ, അപേക്ഷകന്റെ ഒപ്പ് ഓരോ മേഖലയിലെയും കോൺസുലാർ ഏജന്റുമാർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
  • സാധാരണ നിലയിൽ മൂന്ന്, നാല് പ്രവർത്തി ദിനങ്ങൾക്കിടയിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
  • കൂടുതൽ രേഖകളോ, വിവരങ്ങളോ ആവശ്യമാണെങ്കിൽ എംബസിയിൽ നിന്ന് അപേക്ഷകരെ നേരിട്ട് ബന്ധപ്പെടുന്നതാണ്.
  • 2020 ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലാവധിയിൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ ഇന്ത്യൻ എംബസിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്:

ഇമെയിൽ:

  • രജിസ്‌ട്രേഷൻ: cw.muscat@mea.gov.in
  • എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക്: cons.muscat@mea.gov.in

ഹെല്പ് ലൈൻ നമ്പറുകൾ:

  • രജിസ്‌ട്രേഷൻ:(+968) 80071234, 94149703
  • എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക്: (+968) 93577979, 79806929, 24695981

ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക്, നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ, ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം നവംബർ 10-ന് അറിയിച്ചിരുന്നു. പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇത്തരം തൊഴിലാളികൾക്ക് https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306 എന്ന വിലാസത്തിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്.

ഇതിന് പുറമെ സനദ് ഓഫിസുകൾ വഴിയും, എംബസികൾ മുഖാന്തരവും ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

തൊഴിൽ മന്ത്രാലയത്തിൽ രാജ്യം വിടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ള പ്രവാസി തൊഴിലാളികൾ, റെജിസ്റ്റർ ചെയ്ത് 7 ദിവസത്തിന് ശേഷം, നടപടികൾ പൂർത്തിയാക്കുന്നതിനായി മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ നേരിട്ടെത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാന സമയത്തിന് 7 മണിക്കൂർ മുൻപായി, യാത്രാ രേഖകൾ, യാത്രാ ടിക്കറ്റ്, 72 മണിക്കൂർ സാധുതയുള്ള PCR പരിശോധനാ ഫലം എന്നിവയുമായാണ് മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ ഇവർ എത്തേണ്ടത്.