സൗദി: കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

GCC News

കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി. COVID-19 സുരക്ഷാ നടപടികളെത്തുടർന്ന്, കോൺസുലാർ സേവനങ്ങളിൽ ഏതാനം നാളുകളായി പ്രവാസികൾക്ക് അനുഭവപ്പെടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി, സൗദിയിലെ എല്ലാ ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങളും നിലവിൽ പ്രവർത്തിച്ച് തുടങ്ങിയതായി എംബസി അറിയിച്ചു.

VFS ഗ്ലോബലിന് കീഴിലുള്ള എല്ലാ പാസ്സ്‌പോർട്ട് കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തനമാരംഭിച്ചതായും, പ്രവാസികൾക്ക് മുൻ‌കൂർ അനുവാദം നേടിയ ശേഷം ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സേവനം ലഭ്യമാണെന്നും എംബസി അറിയിച്ചിട്ടുണ്ട്.

അടിയന്തിര സ്വഭാവമുള്ള കോൺസുലാർ സേവനങ്ങൾക്കായി cons.riyadh@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലൂടെ എംബസിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഇത്തരം സന്ദേശങ്ങൾ അയക്കുന്നവർ, ആവശ്യമായ കോൺസുലാർ സേവനങ്ങളുടെ വിവരങ്ങൾ, അടിയന്തിര സ്വഭാവം തെളിയിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ വിവരങ്ങൾ, മറ്റു അനുബന്ധ രേഖകൾ എന്നിവ ഉൾപെടുത്തേണ്ടതാണ്. ഇത്തരം അപേക്ഷകൾ പരിശോധിച്ച ശേഷം എംബസി അധികൃതർ അപേക്ഷകരുമായി നേരിട്ട് ബന്ധപെടുന്നതാണ്.