അബുദാബി: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തും

UAE

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾകൊള്ളുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു. പരിസ്ഥിതി സംരക്ഷണത്തിൽ അബുദാബിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ നിയമം സംബന്ധിച്ച ഉത്തരവ് ഖലീഫ ബിൻ സയ്ദ് ജൂലൈ 7-നു പുറത്തിറക്കി.

ഈ പുതിയ നിയമപ്രകാരം, എമിറേറ്റിലെ പരിസ്ഥിതിയുടെയും, ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനായി, അബുദാബി എൻവിറോണ്മെന്റ് അതോറിറ്റിയുടെ (EAD) കാര്യനിര്‍വ്വഹണ അധികാര പരിധികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിയുടെ മേലുള്ള വിവിധ കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുന്നതിനായി, നിയമലംഘനങ്ങൾക്കെതിരെ ഇനി മുതൽ EAD-ക്ക് കനത്ത പിഴ ചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ എടുക്കാൻ അധികാരം നൽകുന്നതാണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ള നിയമം. പരിസ്ഥിതി നിയമ ലംഘനങ്ങൾക്ക് ഇതുവരെ EAD-ക്ക് പരമാവധി ചുമത്താൻ കഴിഞ്ഞിരുന്ന 10000 ദിർഹം എന്ന പിഴശിക്ഷ, 10 മില്യൺ ദിർഹം എന്ന തുകയിലേക്ക് ഉയർത്തിയത്, പരിസ്ഥിതി സംരക്ഷണത്തിന് അബുദാബി നൽകുന്ന പ്രാധാന്യം വെളിവാക്കുന്നതാണ്.

എമിറേറ്റിലെ പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണത്തോടൊപ്പം, മലിനീകരണതോത് നിയന്ത്രിക്കുന്നതിനും, വിഷമയമായ മാലിന്യങ്ങൾ പ്രകൃതിയിലേക്ക് പുറംതള്ളുന്നത് ഒഴിവാക്കുന്നതിനും, വായു, ജലം എന്നിവയുടെ നിലവാരം ഉയർത്തുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു. പരിസ്ഥിതി നാശം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ, പിഴ ചുമത്തുന്നതിനു പുറമെ, അവയുടെ കാര്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനും EAD-ക്ക് ഈ നിയമം അധികാരം നൽകുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾ വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താത്‌കാലികമായി നിർത്തലാക്കുന്നതിനോ, സ്ഥിരമായി അടച്ചിടുന്നതിനോ അധികൃതർക്ക് ഇതിലൂടെ സാധിക്കുന്നതാണ്.