അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വാക്സിനെടുത്തിട്ടുള്ളവർക്ക് PCR പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ്

UAE

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്. COVID-19 രോഗമുക്തി നേടിയതായി തെളിയിക്കുന്ന രേഖകളുള്ള യാത്രികർ (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർ), 16 വയസിന് താഴെ പ്രായമുള്ള യാത്രികർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. അബുദാബിയിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർക്ക് ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് PCR ആവശ്യമെങ്കിൽ അത് കരുതേണ്ടതാണ്.

അബുദാബിയിലെത്തിയ ശേഷം യാത്രികർക്ക് എയർപോർട്ടിൽ നിന്ന് ഒരു PCR ടെസ്റ്റ് (സൗജന്യം) നടത്തണമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.