യു എ ഇ: ഓൺലൈനിലൂടെ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured UAE

ഓൺലൈനിലൂടെ തോക്കുകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയ ആയുധങ്ങൾ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

തോക്കുകൾ, സ്‌ഫോടകവസ്‌തുക്കൾ മുതലായവയുടെ നിയമവിരുദ്ധമായ വില്പന, വിതരണം എന്നിവ അതീവഗുരുതരമായ കുറ്റകൃത്യമായാണ് യു എ ഇ കണക്കാക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, ഒരു ദശലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

“സൈബർകുറ്റകൃത്യങ്ങൾ, ഊഹാപോഹങ്ങൾ എന്നിവ തടയുന്നതിനുള്ള രാജ്യത്തെ ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 29 പ്രകാരം, നിയമവിരുദ്ധമായി തോക്കുകൾ, വെടിയുണ്ടകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയ ആയുധങ്ങളുടെ വില്പന, വിതരണം എന്നിവ ലക്ഷ്യമിട്ട് കൊണ്ടുള്ള വെബ്സൈറ്റുകൾ നിർമ്മിക്കുന്നതും, ഇത്തരം വെബ്സൈറ്റുകൾ പരിപാലിക്കുന്നതും, മേൽനോട്ടം വഹിക്കുന്നതും, ഇതിനായി വിവരസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതും ഒരു വർഷം തടവും, അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.”, യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.