‘ബിഗ് ബാഡ് വുൾഫ്’ പുസ്തക വില്പനമേള ഷാർജയിൽ ആരംഭിച്ചു

featured GCC News

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം ഷാർജയിൽ ആരംഭിച്ചു.

ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്‌ഖ ബൊദൗർ ബിൻത് സുൽത്താൻ അൽ ഖാസിമി 2023 ഡിസംബർ 19-ന് ‘ബിഗ് ബാഡ് വുൾഫ്’ പുസ്തക വില്പനമേള ഉദ്ഘാടനം ചെയ്തു.

Source: @sharjahmedia.

ഉദ്ഘാടനത്തിന് ശേഷം ഷെയ്‌ഖ ബൊദൗർ ‘ബിഗ് ബാഡ് വുൾഫ്’ പുസ്തക വില്പനമേളയിൽ പങ്കെടുക്കുന്ന വിവിധ പ്രസാധകരെ സന്ദർശിച്ചു. രാജ്യങ്ങൾ തമ്മിൽ സാംസ്‌കാരിക ആശയങ്ങൾ കൈമാറുന്നതിന് മികച്ച ഒരു വേദിയാണ് ഇത്തരം പുസ്തകമേളകളെന്ന് അവർ അറിയിച്ചു.

Source: @sharjahmedia.

ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേള 2023 ഡിസംബർ 19 മുതൽ 2024 ജനുവരി 7 വരെ നീണ്ട് നിൽക്കും. ഷാർജയിൽ ഇതാദ്യമായാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഷാർജ ബുക്ക് അതോറിറ്റിയുമായി ചേർന്നാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ മേളയിലേക്ക് പ്രവേശനം അനുവദിക്കും.

നാലായിരം സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തക പ്രദർശനത്തിൽ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാഹിത്യം, ചരിത്രം, തത്വശാസ്ത്രം, കുട്ടികളുടെ സാഹിത്യം തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഈ മേളയിൽ നിന്ന് സന്ദർശകർക്ക് വാങ്ങാവുന്നതാണ്.

ഈ മേളയിൽ പുസ്തകങ്ങൾക്ക് 85 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്. എല്ലാ പ്രായവിഭാഗത്തിൽപ്പെടുന്നവർക്കുമുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.