സൗദി: അടിയന്തിര പാസ്പോർട്ട് സേവനങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

GCC News

അടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി. നിലവിലെ COVID-19 പശ്ചാത്തലത്തിൽ, സൗദിയിലെ വിവിധ നഗരങ്ങളിലായുള്ള ഇന്ത്യൻ പാസ്പോർട്ട്, വിസ സേവന കേന്ദ്രങ്ങൾക്ക് (VFS Global) പ്രവർത്തനാനുമതി ഇല്ലാത്തതിനാൽ, അടിയന്തിര സേവനങ്ങൾ എംബസിയിൽ നിന്ന് നേരിട്ട് നൽകുന്നതാണ്. ഇതിനായി മുൻകൂട്ടി അനുമതി നേടുന്നവർക്ക് അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതാണെന്ന് എംബസി അറിയിപ്പിൽ പറയുന്നു.

ഇത്തരത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്ന് അടിയന്തിരമായുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • പാസ്സ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് മുൻ‌കൂട്ടിയുള്ള അനുമതി നിർബന്ധമാണ്. മുൻ‌കൂർ അനുവാദമില്ലാത്തവർക്ക് ഒരുകാരണവശാലും എംബസിയിൽ നിന്ന് ഈ സേവനങ്ങൾ ലഭ്യമാകില്ല. സൗദി അധികൃതരുടെ COVID-19 സുരക്ഷാ നിർദ്ദേശപ്രകാരം, അനിയന്ത്രിതമായി ആളുകൾ ഒത്തു ചേരുന്നത് തടയുന്നതിന്റെ ഭാഗമായാണ്, മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാക്കിയിട്ടുള്ളത്. ഇത് പാലിച്ചില്ലെങ്കിൽ ഈ സേവനം നിർത്തിവെക്കാൻ എംബസിയോട് സൗദി ആരോഗ്യ സുരക്ഷാ അധികൃതർ ആവശ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ സമൂഹം എംബസിയുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്.
  • കാൾ സെന്റർ നമ്പറുകൾ അധിക സമയവും തിരക്കിലാകാൻ സാധ്യതയുള്ളതിനാൽ info.inriyadh@vfshelpline.com എന്ന ഇമെയിൽ വിലാസത്തിലേക്ക് മുൻകൂട്ടി അനുമതി ലഭിക്കുന്നതിനുള്ള സന്ദേശം അയക്കുക. ഇമെയിൽ അയക്കുന്നവരുമായി VFS ബന്ധപ്പെടുന്നതാണ്.
  • അനുമതി ലഭിച്ചവർ, തിരക്കുകൾ ഒഴിവാക്കുന്നതിനായി, തങ്ങൾക്കായി അനുവദിച്ച സമയത്ത് മാത്രം എംബസിയിലെത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
  • കാലാവധി കഴിഞ്ഞ ശേഷവും പ്രത്യേക പിഴകൾ കൂടാതെ പാസ്‌പോർട്ടുകൾ പുതുക്കാൻ അനുവദിക്കുന്നതിനാൽ ഈ സേവനത്തിനായി തിരക്ക് കൂട്ടേണ്ടതില്ല എന്നും എംബസി അറിയിച്ചിട്ടുണ്ട്.
  • നിലവിൽ റിയാദിനു പുറത്തുള്ള കേന്ദ്രങ്ങൾ തുറക്കുന്നതിനായുള്ള മാർഗങ്ങൾ സൗദി അധികൃതരുമായി ചർച്ച ചെയ്ത വരികയാണ്. അനുമതി ലഭിക്കുന്നത് വരെ മറ്റു നഗരങ്ങളിലുള്ളവർ കാത്തിരിക്കാനും എംബസ്സി ആവശ്യപ്പെടുന്നുണ്ട്.