എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ചെയ്തു

UAE

ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയന്റെ ഉദ്‌ഘാടനം 2021 ഒക്ടോബർ 1, വെള്ളിയാഴ്ച്ച ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു. ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അബ്ദുൽ റഹ്മാൻ അൽ ബന്ന, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ, ദുബായിലെ കോൺസുൽ ജനറൽ H.E. ഡോ. അമൻ പുരി തുടങ്ങിയവർ പവലിയന്റെ ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു.

ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തവരെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. അദ്ദേഹം ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. യു എ ഇ നേതാക്കളെ അദ്ദേഹം ആശംസകൾ അറിയിക്കുകയും, അതിഗംഭീരമായ രീതിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ എക്സ്പോ 2020 അണിയിച്ചൊരുക്കിയതിന് അഭിനന്ദിക്കുകയും ചെയ്തു.

Source: India in Dubai – @cgidubai.

യു എ ഇയും, ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന് എക്സ്പോ 2020 കാരണമാകുമെന്ന് അദ്ദേഹം അറിയിച്ചു. മഹാമാരിയെ ചെറുക്കുന്നതിൽ മനുഷ്യവംശം പ്രകടമാക്കുന്ന ഇച്ഛാശക്തിയെ എക്സ്പോ 2020 എടുത്ത് കാണിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ അവസരങ്ങൾ, വളർച്ച എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യൻ പവലിയൻ എന്നറിയിച്ച അദ്ദേഹം, ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ലോക ജനതയെ സ്വാഗതം ചെയ്തു.

ഇന്ത്യൻ പവലിയൻ, എക്സ്പോ 2020-യിലെ ഇന്ത്യയുടെ പങ്കാളിത്തം എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്‌മളമായ ബന്ധത്തെ ചൂണ്ടിക്കാട്ടുന്നതായി ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് യു ഇ ഇ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ട്രേഡ് ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സിയുദി അറിയിച്ചു. യു എ ഇയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെയും, ഇന്ത്യൻ വാണിജ്യ സമൂഹത്തിന്റെയും സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. COVID-19 മഹാമാരിയുടെ അവസരത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു എ ഇ നേതൃത്വവും, അധികൃതരും നൽകിയ പിന്തുണയെ പിയൂഷ്‌ ഗോയൽ ഉദ്ഘടന ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു.

Source: India in Dubai – @cgidubai.

ഇന്ത്യൻ പവലിയന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി അതിഗംഭീരമായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.