ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. 2024 ഫെബ്രുവരി 15, വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.
അമീരി ദിവാനിൽ വെച്ചായിരുന്നു ഈ ഔദ്യോഗിക കൂടിക്കാഴ്ച. അമീറി കൊട്ടാരത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകി.
ഇന്ത്യൻ പ്രധാനമന്ത്രിയെയും, പ്രതിനിധി സംഘത്തെയും ഖത്തർ അമീർ സ്വാഗതം ചെയ്തു. സാമ്പത്തികസഹകരണം, നിക്ഷേപം, ഊർജപങ്കാളിത്തം, ബഹിരാകാശസഹകരണം, നഗര അടിസ്ഥാനസൗകര്യങ്ങൾ, സാംസ്കാരികബന്ധം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്തു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. ഖത്തറിലെ എട്ടുലക്ഷത്തിലധികം വരുന്ന കരുത്തുറ്റ ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് അമീറിനോടു പ്രധാനമന്ത്രി നന്ദി പറയുകയും ഖത്തറുമായുള്ള ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹം ഖത്തർ അമീറിനെ ക്ഷണിച്ചു.
ഗൾഫ് മേഖലയിലെ മൂല്യവത്തായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ഖത്തർ അമീർ അഭിനന്ദിച്ചു. ഖത്തറിന്റെ വികസനത്തിൽ ഊർജസ്വലരായ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെക്കുറിച്ചും ഖത്തറിൽ നടന്ന വിവിധ രാജ്യാന്തര പരിപാടികളിലെ ആവേശകരമായ പങ്കാളിത്തത്തെക്കുറിച്ചും അമീർ പറഞ്ഞു.
യോഗത്തിനുശേഷം അമീറി കൊട്ടാരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി മധ്യാഹ്നവിരുന്നുമൊരുക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. അജിത് ഡോവൽ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2024 ഫെബ്രുവരി 14-ന് വൈകീട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തിയത്. തുടർന്ന് ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി ശ്രീ. നരേന്ദ്ര മോദി ദോഹയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
Cover Image: Qatar News Agency.