യു എ ഇ പ്രസിഡൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു

UAE

ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. G7 രാജ്യങ്ങളുടെ ഉച്ചകോടിയ്ക്ക് ശേഷം ജർമനിയിൽ നിന്ന് മടങ്ങുന്നതിനിടയിലാണ് 2022 ജൂൺ 28-ന് ഇന്ത്യൻ പ്രധാനമന്ത്രി അബുദാബിയിലെത്തിയത്.

WAM.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യു എ ഇ പ്രസിഡന്റിനോടും, ജനങ്ങളോടും ഇന്ത്യൻ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഉദാരമായ മാനുഷിക മൂല്യങ്ങളും, ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിന് കീഴിൽ എമിറാത്തി-ഇന്ത്യൻ ബന്ധങ്ങളിൽ കൈവരിച്ച എല്ലാ തലങ്ങളിലുമുള്ള പുരോഗതിയും ഇന്ത്യൻ പ്രധാനമന്ത്രി അനുസ്മരിച്ചു.

യു.എ.ഇയുടെ പ്രസിഡൻറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിച്ച മോദി, തന്റെ രാജ്യത്തെ നയിക്കുന്നതിലും, കൂടുതൽ പുരോഗതിയും വികസനവും കൈവരിക്കുന്നതിലും അദ്ദേഹം വിജയിക്കട്ടെയെന്ന് ആശംസിച്ചു. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യു എ ഇയോടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഊഷ്മളമായ വികാരങ്ങൾക്ക് യു എ ഇ പ്രസിഡന്റ് നന്ദി അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് സ്ഥിരതയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. യു എ ഇയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന തന്ത്രപരമായ ബന്ധങ്ങളും, ഇത്തരം ബന്ധങ്ങളെ വിശാലമായ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത താൽപ്പര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

യു.എ.ഇ.യുടെ സ്ഥാപിതകാലം മുതൽ അതിന്റെ വികസനത്തിനും നിർമ്മാണത്തിനും പുരോഗതിക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അഭിനന്ദിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ വർധിപ്പിക്കുന്നതിൽ അതിന്റെ പങ്കിനെയും സാഹോദര്യ രാജ്യങ്ങളിൽ നിന്നുള്ള യുഎഇയിൽ താമസിക്കുന്ന എല്ലാ അംഗങ്ങളുടേയും ഗണ്യമായ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു.

WAM