യു എ ഇയിലൂടെ സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും ഇന്ത്യക്കാർക്ക് നിലവിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് ഇന്ത്യൻ എംബസി

featured GCC News

സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും യു എ യിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ ട്രാൻസിറ്റ് യാത്രികർക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഫെബ്രുവരി 8-ന് എംബസി പുറത്തിറക്കിയ പ്രത്യേക ഔദ്യോഗിക അറിയിപ്പിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിലൂടെ സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും യു എ ഇയിൽ നിന്ന് യാത്രചെയ്യുന്നതിന് ഇന്ത്യക്കാർക്ക് അനുമതിയില്ലെന്ന് എംബസി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയും, കുവൈറ്റും രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങൾ കർശനമാക്കിയ സഹചര്യത്തിലാണ് ഈ അറിയിപ്പ്.

സൗദിയിലേക്കും, കുവൈറ്റിലേക്കും നേരിട്ട് ഇന്ത്യയിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ മറികടക്കുന്നതിനായി ഇന്ത്യൻ യാത്രികർ യു എ യിലൂടെ ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ യു എ ഇയിലൂടെ ട്രാൻസിറ്റ് യാത്രികരായി സൗദിയിലേക്കും, കുവൈറ്റിലേക്കും പ്രവേശിക്കാൻ ശ്രമിക്കുന്ന ധാരാളം യാത്രികർ യു എ ഇയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏതാണ്ട് 600-ഓളം ഇന്ത്യക്കാർ ഇത്തരത്തിൽ യു എ ഇയിൽ കുടുങ്ങിക്കിടക്കുന്നതായി എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു.

കൊറോണ വൈറസ് വ്യാപനം വീണ്ടും രൂക്ഷമാകാൻ തുടങ്ങിയതോടെ, യാത്രാ മാനദണ്ഡങ്ങളിൽ ആഗോളതലത്തിൽ വളരെ വേഗത്തിൽ മാറ്റങ്ങൾ വരുന്ന സാഹചര്യമാണ് നിലവിൽ നിലനിൽക്കുന്നത് എന്നതിനാൽ എത്തിച്ചേരേണ്ട രാജ്യങ്ങളിലെ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച ശേഷം മാത്രമേ യാത്രാ പദ്ധതികൾ തയ്യാറാക്കാവൂ എന്ന് എംബസി ഇന്ത്യൻ സമൂഹത്തോട് നിർദ്ദേശിച്ചു. മറ്റു രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നത്, യാത്രാ വിലക്കുകളും മറ്റും അവിചാരിതമായി പ്രഖ്യാപിക്കപ്പെടാനിടയുള്ള നിലവിലെ സാഹചര്യത്തിൽ, യാത്ര മുടങ്ങുന്നതിന് ഇടയാക്കാവുന്നതാണ്.

നിലവിൽ യു എ ഇയിൽ കുടുങ്ങി കിടക്കുന്ന യാത്രികരോട് ഇന്ത്യയിലേക്ക് മടങ്ങാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. സൗദി, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നത് ഒഴിവാക്കാനും എംബസി നിർദ്ദേശിച്ചു. ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപായി എത്തേണ്ട രാജ്യങ്ങളിലെ COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ കൃത്യമായി മനസ്സിലാകാണാമെന്നും എംബസി കൂട്ടിച്ചേർത്തു. അടിയന്തിര അവസ്ഥകളിൽ ആവശ്യമാകുന്ന തുക കൈവശം കരുതാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

2021 ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് കുവൈറ്റി പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിക്കുകയുണ്ടായി.