സാധുതയുള്ള എല്ലാ തരം യു എ ഇ വിസകൾ ഉള്ള ഇന്ത്യക്കാർക്കും, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി ഔദ്യോഗികമായി നൽകിയതായി അംബാസഡർ പവൻ കപൂർ അറിയിച്ചു. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഇരുരാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക്, സാധുതയുള്ള എല്ലാ തരം യു എ ഇ വിസകൾ ഉള്ള ഇന്ത്യക്കാർക്കും, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രാ സേവനങ്ങൾ നല്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച രാത്രിയാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പ്രത്യേക വിമാനങ്ങളിൽ റെസിഡൻസി വിസകളിലുള്ളവർക്ക് മാത്രമാണ് യാത്രാനുമതി നൽകിയിരുന്നത്.
യു എ ഇ പുതിയ സന്ദർശക വിസകൾ അനുവദിക്കാൻ ആരംഭിച്ചതോടെ, സന്ദർശക വിസകളിലുള്ളവർക്കും യാത്രാനുമതി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾക്കായി യാത്രികർ ഏതാനം ദിനങ്ങളായി കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് 7-നു ഇന്ത്യൻ ആഭ്യന്തരകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളും തമ്മിൽ ഇത്തരം യാത്രകൾ അനുവദിക്കുന്നതിനായി ഉഭയകക്ഷി നടപടികൾ കൈക്കൊണ്ടതായി അറിയിച്ചിരുന്നു.
“MHA ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതായാണ് അറിയാൻ കഴിയുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗികമായ അറിയിപ്പിനായി കാത്തിരിക്കുകയാണ്, അടുത്ത ഏതാനം ദിനങ്ങൾക്കുള്ളിൽ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്.”, സന്ദർശക വിസകളിലുള്ളവർക്ക് ഇത്തരം യാത്രകൾക്കുള്ള സാങ്കേതിക പ്രതിബന്ധങ്ങൾ ഉടൻ തന്നെ നീങ്ങുമെന്ന് സൂചിപ്പിച്ച് കൊണ്ട് ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഓഗസ്റ്റ് 8-നു ട്വീറ്റ് ചെയ്തിരുന്നു. ഇത് സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്താൽ മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.