ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കുന്നത് സംബന്ധിച്ച് KHDA വ്യക്തത നൽകി

GCC News

ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തത നൽകി. 2023 മാർച്ച് 17-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ദുബായിലെ പൊതു വിദ്യാലയങ്ങൾക്ക്, റമദാനിലെ വെള്ളിയാഴ്ചകളിൽ, രക്ഷിതാക്കളിൽ നിന്നുള്ള അഭിപ്രായം സ്വീകരിച്ച ശേഷം, ആവശ്യമെങ്കിൽ വിദൂര അധ്യയനം നടപ്പിലാക്കുന്നതിനോ, അല്ലെങ്കിൽ ഒഴിവാക്കുന്നതിനോ തീരുമാനിക്കുന്നതിനുള്ള അനുവാദം നൽകിയതായി KHDA വ്യക്തമാക്കി. ഓരോ വിദ്യാലയങ്ങൾക്കും വിദൂര അധ്യയന രീതി മാത്രമായോ, അല്ലെങ്കിൽ ഇതോടൊപ്പം വിദ്യാർഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതി കൂടി ഉൾപ്പെടുത്തി അധ്യയനം നടത്തുന്നതിനും അനുവാദമുണ്ടായിരിക്കുന്നതാണ്.

റമദാനിലെ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലെ അധ്യാപകർ വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ചും വിദ്യാലയങ്ങൾക്ക് തീരുമാനം എടുക്കാവുന്നതാണ്.

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുന്നതിനും, യൂണിവേഴ്സിറ്റികളിലെയും, പൊതു വിദ്യാലയങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും റിമോട്ട് അധ്യയന സംവിധാനങ്ങളിലൂടെ (വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ ഉള്ളവർക്കൊഴികെ) തങ്ങളുടെ വീടുകളിൽ നിന്ന് പഠനം നിർവഹിക്കുന്നതിനും ദുബായ് അധികൃതർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് KHDA ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

Cover Image: Pixabay.