ഒമാൻ: ലൈസൻസ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

രാജ്യത്തെ പൊതുജനങ്ങളിൽ നിന്ന് ലൈസൻസ് കൂടാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് മുന്നറിയിപ്പ് നൽകി. 2025 മാർച്ച് 5-നാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻ‌കൂർ അംഗീകാരം കൂടാതെ ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന വ്യക്തികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും, ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 299, 300 എന്നിവ നിയമാനുസൃതമല്ലാത്ത പണിപ്പിരിവ് തടയുന്നതിനുള്ളതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

സാധുതയുള്ള ലൈസൻസ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതും, സംഭാവനകൾ സ്വീകരിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികളിലേർപ്പടുന്ന വ്യക്തികൾക്ക് ആർട്ടിക്കിൾ 299 പ്രകാരം മൂന്ന് മാസം വരെ തടവും, 200 മുതൽ 600 റിയാൽ വരെ പിഴയും ശിക്ഷയായി ചുമത്തപ്പെടാവുന്നതാണ്. ഇതിന് പുറമെ സംഭാവനയായി സ്വീകരിച്ച ധനം കോടതി പിടിച്ചെടുക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലൈസൻസ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം ഒമാനിൽ നിന്ന് വിദേശത്തേക്ക് അയക്കുന്നവർക്ക് ആർട്ടിക്കിൾ 300 പ്രകാരം ഒരു വർഷം വരെ തടവും, 1000 മുതൽ 2000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ഈ സാഹചര്യത്തിലും പിരിച്ചെടുത്ത പണം അധികൃതർ പിടിച്ചെടുക്കുന്നതാണ്.