രാജ്യത്ത് വിവിധ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസികളും, അല്ലാത്തവരുമായ വ്യക്തികൾക്ക് കോർപ്പറേറ്റ് നികുതി ബാധകമാക്കുന്നത് സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് ഒരു അറിയിപ്പ് പുറത്തിറക്കി. 2023 മെയ് 17-നാണ് യു എ ഇ ധനമന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യു എ ഇയിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് കോർപ്പറേറ്റ് നികുതി ബാധകമാക്കുന്നത് സംബന്ധിച്ച് ക്യാബിനറ്റ് പുറപ്പെടുവിച്ചിട്ടുള്ള തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യു എ ഇ ധനമന്ത്രാലയം അറിയിപ്പ് നൽകിയത്. ഇത് പ്രകാരം, യു എ ഇയിൽ വ്യക്തികൾ നടത്തുന്ന, വാർഷികാടിസ്ഥാനത്തിൽ ഒരു മില്യൺ ദിർഹത്തിലധികം വരുമാനമുള്ള, വാണിജ്യ പ്രവർത്തനങ്ങളെ കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്.
ഇവരുടെ ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന് മാത്രമാണ് കോർപ്പറേറ്റ് നികുതി ബാധകമാക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട വരുമാനം, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം, ലൈസെൻസിങ്ങ് ആവശ്യമല്ലാത്ത റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയ സ്വകാര്യ വരുമാനങ്ങളെ കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം പിന്നീട് ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കിയിരുന്നു.