സൗദി: ജിദ്ദ സീസൺ 2024-ന് തുടക്കമായി

featured GCC News

ജിദ്ദ സീസണിന്റെ ഈ വർഷത്തെ പതിപ്പ് 2024 ജൂൺ 27, വ്യാഴാഴ്ച ആരംഭിച്ചു. അതിഗംഭീരമായ കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെയാണ് ജിദ്ദ സീസൺ 2024-ന് തുടക്കമായത്.

ജിദ്ദ ആർട്ട് പ്രൊമനെഡിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ജിദ്ദ സീസൺ 2024 ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടന്ന വെടിക്കെട്ട്, ഡ്രോൺ ഷോ, മറ്റു വിനോദപരിപാടികൾ എന്നിവ ഏറെ ആകർഷകമായിരുന്നു.

‘വൺസ് എഗൈൻ’ എന്ന ആശയത്തിലൂന്നിയാണ് ജിദ്ദ സീസൺ 2024 സംഘടിപ്പിക്കുന്നത്.

ജിദ്ദ വാട്ടർഫ്രന്റിലെ ആർട്ട് പ്രൊമനെഡ് ഏരിയയിൽ വെച്ചാണ് ജിദ്ദ സീസൺ 2024 സംഘടിപ്പിക്കുന്നത്.

ജിദ്ദ സീസൺ 2024 അറുപത് ദിവസം നീണ്ട് നിൽക്കും. എല്ലാ പ്രായത്തിലുള്ള സന്ദർശകരെയും ആകർഷിക്കുന്ന പരിപാടികളും, കാഴ്ചകളും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ജിദ്ദ സീസൺ ഒരുക്കിയിരിക്കുന്നത്.

ജിദ്ദ സീസൺ 2024-ന്റെ ഭാഗമായി നിരവധി വിനോദപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, ടൂറിസം പരിപാടികൾ എന്നിവ അരങ്ങേറും. സിറ്റി വാക്, വാർണർ ബ്രോസ് തുടങ്ങിയ നിരവധി ആകർഷണങ്ങൾ ജിദ്ദ സീസൺ 2024-ൽ ഉണ്ടായിരിക്കുന്നതാണ്.

ഫ്രഞ്ച് ചിത്രകാരനായ ക്ലൗഡ് മൊനെയുടെ 200 കലാസൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുള്ള ‘ഇമേജിൻ മൊനെ’ എന്ന പ്രത്യേക പ്രദർശനം കലാപ്രേമികൾക്ക് വിരുന്നായിരിക്കും.

അറബിക് നാടകങ്ങൾ, സംഗീത പരിപാടികൾ,ഭക്ഷണശാലകൾ, ചില്ലറ വ്യാപാരശാലകൾ തുടങ്ങിയവ ജിദ്ദ സീസൺ 2024-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിലെ സാമ്പത്തികമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനും, യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ തുറക്കുന്നതിനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.