സൗദി: ജിദ്ദ സീസൺ സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു

GCC News

ജിദ്ദ സീസൺ 2022 സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നതായി സംഘാടകർ അറിയിച്ചു. 2022 മെയ് 30-നാണ് ജിദ്ദ സീസൺ സംഘാടകർ ഇക്കാര്യം അറിയിച്ചത്.

2022 മെയ് 2-ന് ആരംഭിച്ച ജിദ്ദ സീസൺ ഒരു മാസം പൂർത്തിയാക്കുന്നതിന് മുൻപാണ് ഈ നേട്ടം കൈവരിച്ചത്. കല, സംസ്കാരം, വിനോദം എന്നീ മേഖലകളെ സംയോജിപ്പിച്ച് കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ മേളയിലേക്കെത്തിയ സന്ദർശകരിൽ പൗരന്മാരും, പ്രവാസികളും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഉൾപ്പെടുന്നതായി സംഘാടകർ വ്യക്തമാക്കി.

ജിദ്ദ സൂപ്പർഡോം, അൽ ജൗഹറ സ്റ്റേഡിയം, ജിദ്ദ ജംഗിൾ, ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ആർട്ട് പ്രൊമനേഡ്, ജിദ്ദ പിയർ, പ്രിൻസ് മജീദ് പാർക്ക്, സിറ്റി വാക്ക്, അൽ ബലാദ് എന്നിങ്ങനെ ഒമ്പത് പ്രത്യേക മേഖലകളിലായി 2800-ൽ പരം പരിപാടികളാണ് രണ്ടാമത് ജിദ്ദ സീസണിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മേളയുടെ ഒമ്പത് മേഖലകളും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വിദേശകാലാകാരന്മാർ അവതരിപ്പിക്കുന്ന കായികാഭ്യാസപ്രകടനങ്ങള്‍, ജാലവിദ്യകൾ എന്നിവ ഉൾപ്പടെ എല്ലാ പ്രായവിഭാഗങ്ങൾക്കും ആസ്വദിക്കാവുന്ന നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

ജിദ്ദ ആർട്ട് പ്രൊമനേഡിലെ വിവിധ കലാപരിപാടികൾ, പ്രദർശനങ്ങൾ, സംഗീതപരിപാടികൾ, നാടകപ്രദർശനങ്ങൾ, കാർണിവൽ എന്നിവ ഉൾപ്പടെ വിപുലമായ വർണ്ണക്കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. അറുപത് ദിവസം നീണ്ട് നിൽക്കുന്ന ജിദ്ദ സീസണിന്റെ ഭാഗമായി ദിനവും അതിഗംഭീരമായ കരിമരുന്ന് കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.