കോവിഡ് പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നിൽക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റോഡിലെ തിരക്ക് നിയന്ത്രിക്കാൻ സ്വയം നിയന്ത്രണം തന്നെയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുന്നിൽ നിൽക്കുന്ന അപകടത്തിന്റെ രൂക്ഷത മനസ്സിലാക്കി ഓരോരുത്തരും അനാവശ്യമായ പുറത്തിറങ്ങൽ ഒഴിവാക്കണം.
ജാഗ്രതക്കുറവും മറച്ചുവെയ്ക്കലുമാണ് നമുക്കു മുന്നിലെ വലിയ അപകടകാരി എന്ന് മനസ്സിലാക്കണം. നാം തൃപ്തികരമായി മുന്നോട്ടുപോകുമ്പോൾ ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറാം. പൊലീസോ സർക്കാർ സംവിധാനങ്ങളോ ആരോഗ്യവകുപ്പോ മാത്രം ശ്രദ്ധിച്ചാൽ അത് ഒഴിവാക്കാനാവില്ലെന്നും എല്ലാവരും ഓർക്കണം.
ഏപ്രിൽ ഒന്നിന് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലരും മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനും ഈ ദിവസം നോക്കാറുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.
കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനും മെഡിക്കൽ സേവനം ലഭ്യമാക്കാനും മൊബൈൽ ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ കൗൺസിലിങ് വ്യാപകമാക്കി. സാമൂഹ്യനീതിവകുപ്പിലെ കൺസിലർമാരും മനഃശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഹെൽപ്പ്ഡെസ്ക്ക് രൂപീകരിച്ചിട്ടുണ്ട്.
വീട്ടിൽ കൂടുതലായി കഴിയുമ്പോൾ കുടുംബാംഗങ്ങൾ തമ്മിൽ ആരോഗ്യകരമായും ജനാധിപത്യപരമായും ബന്ധം സുദൃഡമാക്കാൻ ശ്രമിക്കണം. മുതിർന്നവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. വീടുകളിലെ ജോലികളിൽ പുരുഷൻമാർ സ്ത്രീകളെ സഹായിക്കുന്ന നിലവേണം. ഗാർഹികാതിക്രമങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധവേണം. മദ്യാസക്തിയുള്ളവർ അതുകുറയ്ക്കാൻ വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാൻ ശ്രമിച്ച് മദ്യപാനശീലം ഒഴിവാക്കാൻ ഈ അവസരം വിനിയോഗിക്കണം.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കോവിഡ് 19 ചികിത്സയ്ക്ക് സഹായകമായ പാക്കേജ് നടപ്പാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും കണ്ണൂരിലും കോട്ടയ്ക്കലിലും വയനാട്ടിലുമുള്ള ആശുപത്രികളിൽ 750 കിടക്കകൾ മാറ്റിവെക്കാം എന്നും അറിയിച്ചു. അഞ്ച് ആശുപത്രികളിൽ റാപ്പിഡ് ടെസ്റ്റിനുള്ള സന്നദ്ധതയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.