കോവിഡ്-19 വ്യാപനത്തെ തുടർന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘർഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാൻ വ്യത്യസ്തങ്ങളായ പരിപാടികൾ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
സാംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവൻ വിവിധ സാംസ്‌കാരിക മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി ടെലിഫിലിം മേക്കിംഗ്, മൈ ബുക്ക്, തിയേറ്റർ, ഒന്നുപാടാമോ, ഡബ്സ്മാഷ്, കവിത, കഥ, രുചിക്കൂട്ട്, ചിത്ര-ശിൽപ കൈവേലകൾ, മുത്തശ്ശിക്കഥ, പൂന്തോട്ടം, പെറ്റ്സ് എന്നീ വിഷയങ്ങളിലുള്ള രണ്ട് മുതൽ മൂന്ന് മിനുട്ട് വരെയുള്ള സൃഷ്ടികൾ തയ്യാറാക്കി അയക്കാം. ഏപ്രിൽ 20 നുള്ളിൽ bharathbhavankerala@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.
വായിക്കാം, നല്ല പുസ്തകങ്ങൾ!
കേരള സാഹിത്യ അക്കാദമി വിപുലമായ വായനയ്ക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ വെബ്സൈറ്റിലെ (www.keralasahityaakademi.org) ഓൺലൈൻ ലൈബ്രറിയിലൂടെ ഉള്ളൂർ, ആശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരുടെ എല്ലാ കൃതികളും വായിക്കാം. മലയാളത്തിലെ പ്രശസ്തരായ 200 സാഹിത്യപ്രതിഭകളുടെ ചിത്രങ്ങൾ, കൈയക്ഷരം, അവരുടെ ശബ്ദം, ചെറു ജീവചരിത്രക്കുറിപ്പ് എന്നിവ ചിത്രശാല എന്ന വിഭാഗത്തിൽ സമാഹരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അക്കാദമിയുടെ യൂട്യൂബ് ചാനലിൽ സച്ചിദാനന്ദൻ, സക്കറിയ, സുനിൽ പി. ഇളയിടം, എം.എൻ. കാരശ്ശേരി, കെ.ഇ.എൻ, ബി. രാജീവൻ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങൾ തിരുവനന്തപുരം ജില്ലയിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ച് നൽകും. http://www.keralabhashainstitute.org/ എന്ന വെബ്സൈറ്റിൽ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങൾ വാട്സ്ആപ്പിലോ ഫോൺ മുഖേനയോ ആവശ്യപ്പെടാം. ഫോൺ- 9446587722, 9447972346, 9746980982.
മലയാളം മിഷൻ ലോകത്തെങ്ങുമുള്ള മലയാളികൾക്കും മലയാളം ഭാഷാ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കുമായി വൈവിദ്യമാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് വീട്ടിലെ കളികൾ മലയാളം മിഷന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാം. ‘കളിക്കാം-വായിക്കാം, സമ്മാനം നേടാം’ എന്ന സാഹിത്യ മത്സരത്തിൽ കുട്ടികൾക്ക് പങ്കെടുക്കാം. അതോടൊപ്പം ‘വീട്ടിലെ പാട്ട്, നാട്ടിലെ കൂട്ട്’ എന്ന അന്താക്ഷരി ചലഞ്ചാണ് മറ്റൊന്ന്. ഇഷ്ടമുള്ള നാലുവരി സിനിമാ പാട്ട് പാടി നാട്ടിലെ ഏതെങ്കിലും കുട്ടിയെ ചലഞ്ച് ചെയ്യാം. ആ പാട്ടിലെ ഒരു വാക്ക് വരുന്ന പാട്ടായിരിക്കണം ചലഞ്ചിൽ പങ്കെടുക്കുന്ന കുട്ടി തുടർന്ന് പാടേണ്ടത്. ആ കുട്ടിക്ക് കേരളത്തിന് പുറത്തുള്ള വേറൊരു കുട്ടിയുമായി ചലഞ്ച് തുടരാം.
ഇവ മലയാളം മിഷന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. തിരഞ്ഞെടുത്ത വീഡിയോകൾക്ക് സമ്മാനം നൽകും. മികച്ചവ മലയാളം മിഷന്റെ റേഡിയോ മലയാളത്തിലും യൂട്യൂബിലും സംപ്രേഷണം ചെയ്യും. ഏപ്രിൽ 14 ന് ഈ ചലഞ്ച് അവസാനിക്കും. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകൾ മുഖേന കൊറോണ ഹെൽപ് ഡസ്‌കുകളും റേഡിയോ മലയാളം മുഖേന വിവിധ മത്സരങ്ങളും നടത്തിവരുന്നുണ്ട്.
ഓൺലൈൻ മാപ്പിളപ്പാട്ട് ആലാപന മൽസരവും രചനാ മത്സരവും
മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും. പാടുന്നവർക്കും പാട്ട് എഴുതുന്നവർക്കും പങ്കെടുക്കാം. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. 12 വയസ്സുവരെ ബാല്യം, 19 വരെ കൗമാരം, 35 വരെ യൗവനം, 36 മുതൽ പൊതുവിഭാഗം എന്നിങ്ങനെയാണ് വിഭാഗങ്ങൾ. മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖർ വിധി നിർണയിക്കും.
പാട്ടുകാർ രണ്ടു പാട്ടുകൾ മൊബൈൽ പകർത്തി ജനന തിയതി തെളിയിക്കുന്ന രേഖയുടെ ഇമേജ് സഹിതം 9207173451 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയക്കാം. അവസാന തിയ്യത് ഏപ്രിൽ 10. കൂടുതൽ വിവരങ്ങൾ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ യൂട്യൂബ് ചാനലി ലൂടെ മനസ്സിലാക്കാം. വൈദ്യർ മഹോത്സവങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, മാപ്പിള കലകളുടെ അവതരണം, വൈദ്യർ സ്മാരക പ്രഭാഷണം എന്നിവയുടെ വീഡിയോ സാംസ്‌കാരികമന്ത്രിയുടെ വെബ്സൈറ്റിലും ലഭിക്കും.
നാടോടിവിജ്ഞാനം
കേരളത്തിലെ നാടൻ കലാ വിജ്ഞാനത്തെ മുൻനിർത്തി ഒരു യുട്യൂബ് ചാനൽ കേരള ഫോക്ലോർ അക്കാദമി ആരംഭിക്കും. നാടൻ കലകളെക്കുറിച്ച് പ്രമുഖരുടെ പ്രഭാഷണങ്ങൾ ഈ ചാനലിലൂടെ ആസ്വദിക്കാം. രവികുമാർ (ഫോക്ലോർ), സി.ജെ. കുട്ടപ്പൻ (നാടൻപാട്ട്), കീച്ചേരി രാഘവൻ (പൂരക്കളി), ഗീത കാവാലം (തിരുവാതിര), വൈ.വി. കണ്ണൻ (തെയ്യം) തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികൾക്കായി നാടൻപാട്ട് സിംഗിൾ റിയാലിറ്റി ഷോ ഓൺലൈനിൽ സംഘടിപ്പിക്കും. 100 നാടൻകലകളെക്കുറിച്ചുള്ള ലഘുവിവരണ ഗ്രന്ഥം അക്കാദമി തയ്യാറാക്കും. തോറ്റം പാട്ടുകൾ ശേഖരിച്ച് ഓൺലൈനിൽ ലഭ്യമാക്കും.
കൊറോണ രോഗബാധ പടരുന്നത് തടയുന്നതിന് ആവശ്യമായ സാമൂഹ്യ അകലം, വ്യക്തിശുചിത്വം എന്നിവ പാലിക്കുന്നതിനുള്ള സന്ദേശം ജനങ്ങളിലെത്തിക്കാൻ സർഗാത്മക ആവിഷ്‌കാരങ്ങൾ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ സംസ്ഥാനത്തെമ്പാടും നടത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നിർണയിച്ചിട്ടുള്ള 173 ക്ലസ്റ്ററുകളിലായി വിന്യസിക്കപ്പെട്ട 1000 കലാകാരന്മാർ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രചാരണ പരിപാടികൾ നടത്തിവരുന്നു.
സംഗീതം, ഏകാംഗ നാടകം, ഓട്ടന്തുള്ളൽ, തിരുവാതിര, മാപ്പിളപ്പാട്ട്, നാടൻപാട്ട്, ചിത്രരചന, ഇൻസ്റ്റലേഷൻ തുടങ്ങിയ കലാരൂപങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് അവർ പ്രതിരോധം സൃഷ്ടിക്കുന്നു. കൂടാതെ മാസ്‌കുകൾ, സാനിട്ടൈസർ തുടങ്ങിയവ തയ്യാറാക്കി വിതരണം ചെയ്യുന്നതിലും സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ വ്യാപൃതരാണ്.
ഇതിനുപുറമേ, സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച വിവിധ വിവിധ പരിപാടികൾ ജനങ്ങൾക്ക് ലഭ്യമാകാൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുനഃസംപ്രേഷണം ചെയ്യും. 2016 മുതൽ ജനകീയമായി നടത്തിയ സിനിമാ അവാർഡുകൾ, ചലച്ചിത്രമേളകൾ, സാംസ്‌കാരിക വിനിമയ പരിപാടികൾ തുടങ്ങിയവയുടെ വീഡിയോകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.