പ്രവാസികൾ തിരിച്ചുവരുമ്പോൾ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമായിരിക്കും. സെക്രട്ടറിതല സമിതിയുടെ യോഗം ചേർന്ന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച നടത്തി.
പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേർ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെടും. കലക്ടർമാരുടെ നേതൃത്വത്തിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകും.
വിമാനത്താവളത്തിൽ വൈദ്യപരിശോധനക്ക് സൗകര്യമൊരുക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും പ്രത്യേകം നിയോഗിച്ച് കൗണ്ടറുകൾ ഏർപ്പെടുത്തും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമാക്കാൻ പൊലീസിന്റെ സഹായമുണ്ടാകും. ഇതിനുപുറമെ ഓരോ വിമാനത്താവളത്തിന്റെ പരിധിയിൽ വരുന്ന ജില്ലകളുടെയും മേൽനോട്ടത്തിന് ഓരോ ഡിഐജിമാരെ നിയോഗിക്കും.
രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യാനാണ് ഉദ്ദേശം. പൊലീസ് നിരീക്ഷണത്തിലായിരിക്കും വിമാനത്താവളത്തിൽനിന്ന് ഇവരെ വീടുകളിലേക്ക് അയക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യമേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ സൗകര്യവും ക്രമീകരണവും ഉണ്ടാകും.
ടെലിമെഡിസിൻ സൗകര്യം, മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നിവ ഏർപ്പെടുത്തും. ആരോഗ്യ പ്രവർത്തകൾ കൃത്യമായ ഇടവേളകളിൽ ഇവരെ വീടുകളിൽ സന്ദർശിക്കും.വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സ്വന്തം ആരോഗ്യനിലയെക്കുറിച്ച് മൊബൈൽ ഫോണിലൂടെയോ സമൂഹമാധ്യമം വഴിയോ ആരോഗ്യവിഭാഗത്തിന് അന്നന്ന് വിവരം നൽകണം.
ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി വിവരം ശേഖരിക്കും. വീടുകളിൽ ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് വാർഡ്തല സമിതികൾക്ക് ചുമതല നൽകും. തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും ഇതിൽ പങ്കാളികളാകണം.
വീടുകളിൽ ക്വാറന്റൈനിൽ കഴിയാത്തവർക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയാം. രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തിൽ സർക്കാർ തന്നെ ക്വാറന്റൈനിലേക്ക് കൊണ്ടുപോകും. അവരുടെ ലഗേജ് വിമാനത്താവളത്തിൽ നിന്ന് എടുത്ത് വീടുകളിൽ എത്തിക്കേണ്ട ചുമതല സർക്കാർ ഏറ്റെടുക്കും.
ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയർപോർട്സ് അതോറിറ്റിയും പ്രതിനിധികളുള്ള കൺടോൾ റൂം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമീകണത്തിന്റെ ചുമതല അതത് കലക്ടർമാർക്കും എസ്പിമാർക്കും ആയിരിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന ഉദ്യോഗസ്ഥനും ഇതിലുണ്ടാകും.
പ്രവാസികളെ താമസിപ്പിക്കുന്നതിന് എയർപോർട്ടുകൾക്ക് സമീപം ആവശ്യമായ സൗകര്യം സർക്കാർ ഒരുക്കുന്നുണ്ട്. ആശുപത്രികളും ഇപ്പോൾതന്നെ സജ്ജമാണ്. കപ്പൽ വഴി പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിക്കുകയാണെങ്കിൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ചും സജ്ജീകരണം ഏർപ്പെടുത്തും. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന 2.76 ലക്ഷത്തിലധികം പേർ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 150ൽപരം രാജ്യങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ആളുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സൂക്ഷ്മമായ ക്രമീകരണം ഒരുക്കും. അതിർത്തിയിൽ തന്നെ പരിശോധനകൾ നടത്തും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, എവിടെ ക്വാറന്റൈൻ ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തതയോടെ ആസൂത്രണം ചെയ്യും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. ക്വാറന്റൈൻ കാര്യത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.