സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, N-95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ, ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവയുടെ നിർമാണത്തിന് നടപടി സ്വീകരിക്കും.
കൊച്ചിയിലെ സൂപ്പർ ഫാബ്‌ലാബ്, വൻകിട, ചെറുകിട വ്യവസായ സംരംഭകർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കി ഇതിനായി പദ്ധതി ആവിഷ്‌കരിക്കും. കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്‌ളസ്റ്റർ രൂപീകരിക്കും. ഉപകരണങ്ങളുടെ മോഡൽ തയ്യാറാക്കാൻ ഫാബ്‌ലാബിനൊപ്പം വി. എസ്. എസ്. സിയുടെ സൗകര്യവും വിനിയോഗിക്കും.
കൊറോണ പ്രതിരോധം സംബന്ധിച്ച് നൂതന ആശയം സമർപ്പിക്കാൻ സ്റ്റാർട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കും. breakcorona.in ൽ ആശയങ്ങൾ പങ്കുവയ്ക്കാം. ഇവ വിദഗ്ധ പാനൽ പരിശോധിച്ച് നടപ്പാക്കും.
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ എൻട്രസ് പരീക്ഷ മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രവിതരണം അവശ്യ സർവീസിൽ ഉൾപ്പെടുന്നതാണ്. എന്നാൽ ചില റസിഡന്റ്്‌സ് അസോസിയേഷനുകൾ ഇത് വിലക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പത്രവിതരണത്തിന് ഇവർ സഹകരിക്കണം.
മദ്യാസക്തി കൂടി ആളുകൾ അപകടം വരുത്തിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം ചില ആളുകൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം വേണ്ടിവരുന്ന മദ്യം ലഭ്യമാക്കാൻ എക്‌സൈസ് വകുപ്പ് നടപടിയെടുക്കും. വീട്ടിൽ കഴിയുന്നവർക്ക് സ്‌ട്രെസ് ഒഴിവാക്കാൻ ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുക്കുന്നത് സർക്കാർ ആലോചിക്കുന്നുണ്ട്.
ടോയിലറ്റ് ടാങ്കുകൾ നിറഞ്ഞു കവിയുന്ന പ്രശ്‌നം പലയിടത്തും ഉണ്ടായിട്ടുണ്ട്. കുടിവെള്ളത്തെപ്പോലും ബാധിക്കുന്ന പ്രശ്‌നമാണിത്. ശാസ്ത്രീയ മാലിന്യ നിർമാർജന മാർഗങ്ങൾ സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവുണ്ടെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ല. മുൻകരുതലിൽ ഒരുതരത്തിലുമുള്ള അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുരീതിയ്ക്ക് ചേരാത്ത ചില ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടീക്കുന്നത് കണ്ടു. സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല.
പൊതുവെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പോലീസിന്റെ യശസിനെ ഇത് പ്രതികൂലമായി ബാധിക്കും. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെയാണ് പോലീസുകാർ ജോലി ചെയ്യുന്നത്. പോലീസിന്റെ നല്ല പ്രവർത്തനത്തിനുള്ള നാട്ടിലെ സ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ പാടില്ലെന്നാണ് സർക്കാരിന്റെ വ്യക്തമായ നിലപാട്.
കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ സ്ഥിതി അന്വേഷിച്ച് തമിഴ്‌നാട്, പശ്ചിമബംഗാൾ, നാഗലാന്റ്, ജാർഘണ്ഡ്, രാജസ്ഥാൻ, മണിപ്പൂർ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ബന്ധപ്പെട്ടിരുന്നു. സർക്കാർ ഇവരുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജില്ലകളിൽ ജില്ലാ കളക്ടർമാർക്കാവും ചുമതല.
രാജ്യത്തിനകത്ത് മരുന്നെത്തിക്കാൻ എയർ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അവശ്യമരുന്നുകൾ പോസ്റ്റൽ വകുപ്പ് വഴിയും കൊറിയർ വഴിയും അയയ്ക്കുന്നതിന് ഇരു വിഭാഗവുമായി ബന്ധപ്പെടാൻ സംസ്ഥാനത്ത് ആരംഭിച്ച വാർ റൂമിനെ ചുമതലപ്പെടുത്തി. ഏപ്രിൽ രണ്ടു മുതൽ സർവീസ് പെൻഷൻ വിതരണം ആരംഭിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ച് വരെ ട്രഷറികൾ പ്രവർത്തിക്കും.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാരേയും ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തെ കൊറോണ വാർ റൂമിന്റെ പ്രവർത്തനം വിപുലമാക്കും. രോഗബാധിതരുടെ പേരുവിവരം പുറത്തുവിടേണ്ട എന്നാണ് പൊതുവായ തീരുമാനം. ഇടുക്കിയിലെ തോട്ടം മേഖലയിൽ പ്രത്യേക അരി വിതരണത്തിന് സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി വോളണ്ടിയർമാരാകാൻ ഇതുവരെ 78000 പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.