ബഹ്‌റൈൻ: കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്നവർ യാത്രാ നിബന്ധനകൾ പാലിക്കണം

GCC News

കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്കും, തിരികെയും യാത്ര ചെയ്യുന്ന മുഴുവൻ വ്യക്തികളും യാത്രാ നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 2023 ജൂൺ 28-നാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ തിരക്ക് കണക്കിലെടുത്താണിത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് അതോറിറ്റി നൽകിയിരിക്കുന്നത്.

  • കിംഗ് ഫഹദ് കോസ്‌വേയിലൂടെ സഞ്ചരിക്കുന്നവർ ആവശ്യമായ എല്ലാ രേഖകളും കൈവശം കരുതേണ്ടതാണ്.
  • ബഹ്‌റൈനി പൗരന്മാർക്കൊപ്പം സഞ്ചരിക്കുന്ന ഗാർഹിക ജീവനക്കാർ അവരുടെ സാധുതയുള്ള റെസിഡൻസി പെർമിറ്റ്, സാധുതയുള്ള പാസ്പോർട്ട്, എക്സിറ്റ്/ റീ-എൻട്രി വിസകൾ എന്നിവ ഹാജരാക്കേണ്ടതാണ്. ഇവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്.
  • ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവയ്ക്കിടയിൽ സഞ്ചരിക്കുന്ന പ്രവാസികൾക്ക് അവരുടെ സാധുതയുള്ള റെസിഡൻസി പെർമിറ്റ്, സാധുതയുള്ള പാസ്പോർട്ട് (ഇവയ്ക്ക് ആറ് മാസത്തിൽ കൂടുതൽ സാധുത ഉണ്ടായിരിക്കണം) എന്നിവ ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഇലക്ട്രോണിക് മാർഗത്തിലുള്ള എക്സിറ്റ്/ റീ-എൻട്രി വിസയാണ് ലഭിക്കുന്നത്.
  • സഞ്ചരിക്കുന്ന വാഹനത്തിന്റെ രേഖകൾ നിർബന്ധമാണ്. ഡ്രൈവർക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. സാധുതയുള്ള വെഹിക്കിൾ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യഥാർത്ഥ ഉടമ ഒപ്പിട്ട് നൽകിയിട്ടുള്ള ഓഥറൈസേഷൻ രേഖകൾ എന്നിവ ഉണ്ടായിരിക്കണം.
  • കിംഗ് ഫഹദ് കോസ്‌വേയിലെ കാത്തിരിപ്പ് ഒഴിവാക്കാൻ ഇത്തരം വാഹനങ്ങൾക്ക് മുൻകൂറായി ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണെന്ന് അധികൃതർ വ്യക്തമാക്കി.