കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരെ സ്വീകരിക്കാനായി എയർപോർട്ടിലെത്തുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിപ്പ് പുറത്തിറക്കി. രാജ്യത്തെ ആരോഗ്യ വകുപ്പുകളുടെ നിബന്ധനകൾ പ്രകാരമാണ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
- യാത്രികരെ സ്വീകരിക്കാനെത്തുന്ന പരമാവധി 60 പേർക്ക് മാത്രമാണ് അറൈവൽ ഹാളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ആദ്യം എത്തുന്നവർക്ക് ആദ്യം അനുവാദം നൽകുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
- ഓരോ കുടുംബങ്ങളിൽ നിന്നും ഒരാൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
- വിമാനസമയത്തിനു പരമാവധി ഒരു മണിക്കൂർ മുൻപ് മാത്രമാണ് പ്രവേശനം അനുവദിക്കുക.
- യാത്രികരെ സ്വീകരിക്കാനെത്തുന്നവർ, വിമാനത്തിന്റെ വിവരങ്ങൾ അറൈവൽ ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണ്.
COVID-19 വ്യാപനം തടയുന്നതിനായി, യാത്രികർ അല്ലാത്തവർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 25-നു അറിയിച്ചിരുന്നു.