രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 23-ന് രാത്രി കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സുരക്ഷാ മുന്നൊരുക്കങ്ങൾക്കൊപ്പം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങൾ സുഗമമായി നടത്തുന്നതിനായി, മുൻനിശ്ചയിച്ച സമഗ്രമായ നടപടിക്രമങ്ങൾ പ്രകാരം, വിവിധ സുരക്ഷാ വിഭാഗങ്ങളെ വിന്യസിച്ചതായും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കൃത്യവിലോപം ഉണ്ടാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും പൊതു ജനങ്ങൾക്കായി മാധ്യമങ്ങളിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയും നൽകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ. തൗഹീദ് അൽ കന്ദാരി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കാൻ അദ്ദേഹം കുവൈറ്റിലെ പൗരമാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ നിന്നുള്ള കാഴ്ച തടസപ്പെടുന്നതിന് കാരണമാകുന്ന രീതിയിലുള്ള സ്പ്രേ, വിവിധ വർണ്ണങ്ങളിലുള്ള പത മുതലായവ വാഹനങ്ങൾക്ക് നേരെ പ്രയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രത്യേകം അറിയിച്ചു. ഇത്തരം പ്രവർത്തികൾ വാഹനങ്ങളിലുള്ളവരെയും, കാൽനടക്കാരെയും ഒരുപോലെ ബാധിക്കുന്ന അപകടങ്ങളിലേക്ക് നയിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ നേരത്തെ അറിയിച്ചിട്ടുണ്ട്.
Cover Image: Kuwait News Agency.