ഒമാൻ: മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 24-ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

GCC News

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 ഫെബ്രുവരി 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും. അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒമാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി H.H. സായിദ് തെയാസീൻ ബിൻ ഹൈതം അൽ സൈദ് ഉദ്ഘാടനം ചെയ്യുന്നതാണ്.

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട പരിപാടികൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കുമെന്നും, ഒമാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി മേള ഉദ്‌ഘാടനം ചെയ്യുമെന്നും ഒമാൻ ന്യൂസ് ഏജൻസി ഫെബ്രുവരി 23-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

2022 ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെയാണ് ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥിയായി സൗത്ത് അൽ ശർഖിയ ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന പുസ്തകമേളയിൽ 27 രാജ്യങ്ങളിൽ നിന്നായി 715 പുസ്തക പ്രസാധകരാണ് പങ്കെടുക്കുന്നത്. ഏതാണ്ട് മൂന്നര ലക്ഷത്തിൽപരം പുസ്തകങ്ങൾ അവതരിപ്പിക്കുന്ന ഈ മേളയിൽ നൂറിലധികം സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.

ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങൾ 2022 ഫെബ്രുവരി 16-ന് നടന്ന ഒരു പ്രത്യേക പത്രസമ്മേളനത്തിലൂടെ ഒമാൻ മിനിസ്റ്റർ ഓഫ് ഇൻഫർമേഷൻ ഡോ. അബ്ദുല്ല ബിൻ നസീർ അൽ ഹറാസി അറിയിച്ചിരുന്നു. സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എഴുപത് ശതമാനം ശേഷിയിലാണ് മേള സംഘടിപ്പിക്കുന്നത്. ഈ തീരുമാന പ്രകാരം, പ്രതിദിനം അമ്പതിനായിരം സന്ദർശകർക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.