രാജ്യത്തെ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കുവൈറ്റ് അധികൃതർ ഒഴിവാക്കിയതായി സൂചന. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഈ തീരുമാനം അനുസരിച്ച്, കമ്പനികൾക്ക് വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിന് അവർക്ക് അനുവദനീയമായ പരിധിയുടെ 100 ശതമാനവും ഉപയോഗിക്കാൻ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം നിയമനങ്ങൾക്ക് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ കമ്പനികൾക്ക് അവർക്ക് അനുവദിച്ചിട്ടുള്ള അത്രയും തന്നെ എണ്ണം വിദേശ തൊഴിലാളികളെ കൊണ്ട് വരുന്നതിന് അനുമതി ലഭിക്കുന്നതാണ്. ഇത്തരം വർക്ക് പെർമിറ്റുകൾക്ക് 150 ദിനാർ ഫീസ് ഇനത്തിൽ ചുമത്തുന്നതാണ്.