യൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റിൽ ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ‘957/2019’ എന്ന ഔദ്യോഗിക ഉത്തരവിലെ ആർട്ടിക്കിൾ 29 പ്രകാരം തീരുമാനം കൈക്കൊണ്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം, പ്രതിമാസം എണ്ണൂറ് ദിനാർ എന്ന വേതനപരിധിയിൽ വരുന്ന യൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലത്തവരായ പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ കുവൈറ്റ് ഒഴിവാക്കിയതായി ഏതാനം ദിവസങ്ങൾക്ക് മുൻപ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.