ഒമാൻ: നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് മാർക്കറ്റിംഗ് രീതികൾക്ക് വിലക്കേർപ്പെടുത്തി; നിയമലംഘനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും

featured GCC News

രാജ്യത്ത് നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് മുതലായവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഓഗസ്റ്റ് 1-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം മാർക്കറ്റിംഗ് രീതികൾ വിലക്കിയതായും, ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് 5000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗികമായ ഉത്തരവ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ യൗസേഫ് ഞായറാഴ്ച്ച പുറത്തിറക്കി.

ഈ ഉത്തരവ് അനുസരിച്ച് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ചോ, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് ഉപയോഗിച്ചോ വസ്തുക്കൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ വില്പന, പരസ്യം, പ്രചാരണം എന്നിവ ഒമാനിൽ നിരോധിച്ചിട്ടുണ്ട്. “ഒരു ഉപഭോക്താവ് തന്റെ കീഴിൽ കൂടുതൽ ഉപഭോക്താക്കളെ ചേർക്കുന്ന രീതിയിൽ, ഒരു പറ്റം ആളുകളിൽ നിന്ന് വലിയ തുക പിരിച്ചെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട്, ശൃംഖലകളായി സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവ വിതരണക്കാർ, വിൽപനക്കാർ എന്നിവർ വിപണനം ചെയ്യുന്ന എല്ലാ തരം വിപണനതന്ത്രങ്ങളെയും പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് ഗണത്തിൽപ്പെടുത്തുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി.

ഈ തീരുമാനം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ നടത്തുന്നവർക്ക് ചുരുങ്ങിയത് 5000 റിയാൽ പിഴ ചുമത്തുമെന്നും, ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.