വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ സാധ്യതകൾ കുവൈറ്റ് പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ സൂചന നൽകി. ഏതാനം രാജ്യങ്ങളിൽ നിന്നുള്ള, COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ വിവിധ വശങ്ങൾ അധികൃതർ വിശകലനം ചെയ്തു വരികയാണെന്നാണ് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സൂചന.
പ്രവാസികൾ ഉൾപ്പടെയുളള വിദേശ യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നിലവിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കർശനമായ സുരക്ഷാ നടപടികളോടെ ഏതാനം രാജ്യങ്ങളിൽ നിന്നെങ്കിലുമുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകൾ അധികൃതർ പരിശോധിക്കുന്നതായുള്ള സൂചനകൾ ലഭിക്കുന്നത്. രോഗബാധ രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
വാക്സിനെടുത്തിട്ടുള്ള കുവൈറ്റ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് തന്നെ പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകളാണ് പരിശോധിക്കുന്നത്. കുവൈറ്റ് മന്ത്രിസഭയുടെ തീരുമാന പ്രകാരം യാത്രകളുമായി ബന്ധപ്പെട്ട് ഫൈസർ, അസ്ട്രസെനേക, മോഡർന, ജോൺസൻ ആൻഡ് ജോൺസൻ എന്നീ കമ്പനികളുടെ COVID-19 വാക്സിൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയതായി (കുവൈറ്റിൽ നിന്നോ, മറ്റു രാജ്യങ്ങളിൽ നിന്നോ ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ബാധകം) DGCA നേരത്തെ അറിയിച്ചിട്ടുണ്ട്.