കുവൈറ്റ്: പ്രവാസി കുടുംബാംഗങ്ങളുടെ വിസിറ്റ് വിസ; പ്രവേശനം അംഗീകൃത എയർലൈനുകളിലൂടെ മാത്രം

Kuwait

വിസിറ്റ് വിസകളിലുള്ള പ്രവാസി കുടുംബാംഗങ്ങൾക്ക് രണ്ട് അംഗീകൃത എയർലൈനുകളിൽ മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് സിവിൽ ഏവിയേഷൻ അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

പ്രവാസി കുടുംബാംഗങ്ങൾക്കുള്ള വിസിറ്റ് വിസകളിലുള്ളവർക്ക് കുവൈറ്റ് എയർവേസ്, അൽ ജസീറ എയർവേസ് എന്നീ വിമാനങ്ങൾ ഉപയോഗിച്ച് മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനും, കുവൈറ്റിൽ നിന്ന് മടങ്ങുന്നതിനും അനുമതി നൽകിയിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് വകുപ്പ് പുറത്തിറക്കിയ ഒരു അറിയിപ്പ് പ്രകാരം പ്രവാസി കുടുംബാംഗങ്ങൾക്കുള്ള വിസിറ്റ് വിസകൾ ലഭിക്കുന്നതിന് സ്പോൺസറിൽ നിന്നുള്ള അപേക്ഷ, അഡ്രസ്സ്, വിമാനടിക്കറ്റ്, സാധുതയുള്ള പാസ്സ്പോർട്ടിന്റെ കോപ്പി, സ്‌പോൺസറുടെ സിവിൽ ഐഡി, അഡ്രസ് വെരിഫിക്കേഷൻ, സ്‌പോൺസറുടെ തൊഴിലിടം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയ രേഖകൾ നിർബന്ധമാണ്.