യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് കുവൈറ്റിൽ നാല്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 മെയ് 13 മുതൽ നാല്പത് ദിവസത്തേക്കാണ് കുവൈറ്റിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പതാകകൾ പകുതി താഴ്ത്തി കെട്ടുന്നതാണ്.
രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ 2022 മെയ് 13 മുതൽ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 16, തിങ്കളാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ജനങ്ങളുടെ സേവനത്തിനായി തന്റെ ജീവിതം സമർപ്പിച്ച മഹാനായ ഒരു നേതാവിനെയാണ് അറബ് ലോകത്തിന് നഷ്ടമായതെന്ന് അദ്ദേഹം അറിയിച്ചു.