കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കി നീട്ടിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിയമപരമായി പുതിയ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കപ്പെടുന്ന പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷത്തേക്കാക്കി നീട്ടിയതായി കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം ലൈസൻസുകൾ ‘കുവൈറ്റ് മൊബൈൽ ഐ ഡി’ ആപ്പിലൂടെ മാത്രം ഉപയോഗിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിൽ പുതുക്കുന്നതിന്റെ സാധുത ഒരു വർഷമാക്കി നിജപ്പെടുത്തുന്നതിന് അധികൃതർ കഴിഞ്ഞ വർഷം മെയ് മാസത്തിൽ തീരുമാനിച്ചിരുന്നു.